ഓണത്തിന് മുമ്പേ പാല്‍ വില കൂട്ടി സ്വകാര്യഡയറികള്‍; ഒരു ലിറ്ററിന് 50രൂപ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍ 

സംസ്ഥാനത്തെ അന്‍പതോളം സ്വകാര്യ ഡയറികള്‍ ഒരു പായ്ക്കറ്റ് പാലിന്റെ വില 25 രൂപയായാണ് ഉയര്‍ത്തിയത്
ഓണത്തിന് മുമ്പേ പാല്‍ വില കൂട്ടി സ്വകാര്യഡയറികള്‍; ഒരു ലിറ്ററിന് 50രൂപ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍ 

കൊച്ചി:  ഇക്കുറി ഓണത്തിന് പാല്‍ വില ഉപഭോക്താക്കളുടെ കൈ പൊളളിക്കും.  ഓണത്തിന് മുമ്പേ തന്നെ സ്വകാര്യഡയറികള്‍ പാലിന് വിലകൂട്ടി.സംസ്ഥാനത്തെ അന്‍പതോളം സ്വകാര്യ ഡയറികള്‍ ഒരു പായ്ക്കറ്റ് പാലിന്റെ വില 25 രൂപയായാണ് ഉയര്‍ത്തിയത്. പുതിയ വില ചൊവ്വാഴ്ച നിലവില്‍ വരും. 

കേരള ഡയറി അസോസിയേഷന്റെ കീഴിലുള്ള അന്‍പതിലേറെ സ്വകാര്യ ഡയറി ഉടമകളാണ് പാല്‍ വില കൂട്ടാന്‍ തീരുമാനിച്ചത്. അരലിറ്ററിന്റെ ഒരു പായ്ക്കറ്റ് പാലിന് 25 രൂപയായാണ് വില ഉയര്‍ത്തിയത്. നേരത്തെ, ഇത് 22 രൂപയായിരുന്നു. തൈരിന് ഒരു പായ്ക്കറ്റിന് മുപ്പതു രൂപ ഈടാക്കാനും തീരുമാനിച്ചു. മില്‍മ ഒഴികെയുള്ള മറ്റു ബ്രാന്‍ഡുകളാണ് ഡയറി ഫാം അസോസിയേഷനു കീഴിലുള്ളത്.

രാജ്യാന്തര നിലവാരത്തിലുള്ള പാല്‍ സംസ്‌ക്കരണ ശാലകള്‍ പ്രവര്‍ത്തിക്കാന്‍ വന്‍തുകയാണ് മുതല്‍ മുടക്കിയിട്ടുള്ളതെന്ന് ഡയറി ഫാം അസോസിയേഷന്‍ പറയുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാല്‍ വില വര്‍ധിച്ചു. സംസ്ഥാനത്ത് പ്രതിദിനം വേണ്ടത് 28 ലക്ഷം ലിറ്റര്‍ പാലാണ്. ഇതില്‍ പതിമൂന്നു ലക്ഷമാണ് സംസ്ഥാനത്തെ പാല്‍ ഉല്‍പാനം. ബാക്കി, ഇതരസംസ്ഥാനത്തു നിന്നാണ് കൊണ്ടുവരുന്നത്. കാലിത്തീറ്റയുടെ വില ഉയര്‍ന്നതും പാല്‍ വില വര്‍ധിപ്പിക്കാന്‍ കാരണമായതായി ഡയറി ഫാം അസോസിയേഷന്‍ പറയുന്നു.

കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പാല്‍ ഉല്‍പാദന ചെലവ് ലിറ്ററിന് നാല്‍പത്തിയൊന്നു രൂപയായി ഉയര്‍ന്നിട്ടുണ്ടെന്ന് ഡയറി ഫാം ഉടമകള്‍ പറയുന്നു. പാല്‍ സംസ്‌ക്കരിച്ച് പായ്ക്കറ്റുകളിലാക്കി ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒന്‍പതു രൂപ കൂടി ചെലവ് വരും. ഇങ്ങനെ, അധിക ചെലവുമായി ഡയറി ഫാമുകള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയാത്തതു കൊണ്ടാണ് പാല്‍ വില വര്‍ധിപ്പിക്കാന്‍ കേരള ഡയറി ഫാം അസോസിയേഷന്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com