വേദനസംഹാരിയില്‍ മയക്കുമരുന്ന്; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ് വന്‍ തുക പിഴ

വേദനസംഹാരിയില്‍ മയക്കുമരുന്ന്; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ് വന്‍ തുക പിഴ

മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ വിപണനത്തിലൂടെ യുഎസ് ജനതയെ മരുന്നിന്റെ അടിമകളാക്കി മാറ്റി എന്ന കേസിലാണ് 4,119 കോടി രൂപ പിഴ വിധിച്ചത്

വാഷിങ്ടണ്‍; വേദനസംഹാരിയില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മരുന്നുല്‍പ്പാദന രംഗത്തെ ആഗോള ഭീമന്മാരായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ് വന്‍ തുക പിഴ ചുമത്തി. അമേരിക്കന്‍ കോടതിയാണ് പിഴ ചുമത്തിയത്. മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ വിപണനത്തിലൂടെ യുഎസ് ജനതയെ മരുന്നിന്റെ അടിമകളാക്കി മാറ്റി എന്ന കേസിലാണ് 4,119 കോടി രൂപ പിഴ വിധിച്ചത്. 

ഒക്‌ലഹോമ കോടതിയാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ് ചരിത്രത്തിലെ വലിയ പിഴകളില്‍ ഒന്ന് ചുമത്തിയത്. വിധിയെ മരുന്നുല്‍പ്പാദനരംഗത്തെ നാഴികക്കല്ലെന്നാണ് വിശേഷിപ്പിക്കുന്നത്. ജോണ്‍സണ്‍ പുറത്തിറക്കുന്ന ഡ്യൂറാജെസിക്, ന്യൂസെന്റാ എന്നീ വേദനാസംഹരികള്‍ അമേരിക്കന്‍ ജനതയെ മരുന്നിന്റെ അടിമകളാക്കി മാറ്റുന്നു എന്നായിരുന്നു കേസ്. ഈ വേദനസംഹാരികളില്‍ അടങ്ങിയിട്ടുള്ള മയക്കുമരുന്നിന്റെ അംശം ആളുകളെ അടിമകളാക്കി മാറ്റുകയാണെന്നും ഇവയുടെ അമിതോപയോഗം മൂലം 1999നും 2017നും ഇടയില്‍ നാലുലക്ഷത്തോളം മരണങ്ങള്‍ സംഭവിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്റെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു വാദങ്ങള്‍.

അമിതമായ പരസ്യങ്ങളിലൂടെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഡോക്ടര്‍മാരെ വരെ സ്വാധീനിച്ചുവെന്നും അതുവഴി പൊതുശല്യമായി മാറുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. അമേരിക്കയില്‍ ഡോക്ടര്‍മാര്‍ എഴുതി നല്‍കുന്ന പ്രിസ്‌ക്രിപ്ക്ഷന്‍ വഴി ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന വേദനാസംഹാരികളാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റേത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com