വീണ്ടും ബാങ്ക് ലയനം; രാജ്യത്ത് ഇനി 12 പൊതുമേഖല ബാങ്കുകള്‍; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍ 

പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, യൂണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിക്കും
വീണ്ടും ബാങ്ക് ലയനം; രാജ്യത്ത് ഇനി 12 പൊതുമേഖല ബാങ്കുകള്‍; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവിലെ 27 പൊതുമേഖല ബാങ്കുകളെ ലയനത്തിലൂടെ 12 ആക്കാനാണ് തീരുമാനമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഗോളതലത്തില്‍ സ്വാധീനമുളള വലിയ ബാങ്കുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, യൂണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിക്കും. ഇവയെ ലയിപ്പിച്ച് ഒറ്റ ബാങ്കാക്കുന്നതോടെ എസ്ബിഐയ്ക്ക് പിന്നില്‍ രാജ്യത്തെ  രണ്ടാമത്തെ ബാങ്കായി ഇത് മാറും. 17.95 ലക്ഷം കോടി രൂപയുടെ ബിസിനസ്സാണ് ഇതിന്റെ കീഴില്‍ വരുക.

കാനറ, സിന്‍ഡിക്കേറ്റ് ബാങ്കുകളെ പരസ്പരം  ലയിപ്പിക്കും. രാജ്യത്തെ വലിയ നാലാമത്തെ ബാങ്കായി ഇത് മാറും. 15.20 ലക്ഷം കോടി രൂപയുടെ ബിസിനസ്സാണ് ഇതിന് കീഴില്‍ നടക്കുക. ഇന്ത്യന്‍ ബാങ്കിനെ അലഹബാദ് ബാങ്കില്‍ ലയിപ്പിക്കുന്നതാണ് മറ്റൊരു പദ്ധതി.  യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും ആന്ധ്രാബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും പരസ്പരം ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായി മാറുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇന്ത്യന്‍ ബാങ്കിനെ അലഹബാദ് ബാങ്കില്‍ ലയിപ്പിക്കുന്നതോടെ ഏഴാമത്തെ ബാങ്കായി ഇത് മാറും.

നേരത്തെ എസ്ബിഐയില്‍ അസോസിയേറ്റഡ് ബാങ്കുകളെ ലയിപ്പിച്ചു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ബാങ്കിങ് പരിഷ്‌കരണ നടപടികള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ബാങ്ക് ഓഫ് ബറോഡയില്‍ ദേനാബാങ്കിനെയും വിജയാബാങ്കിനെയും ലയിപ്പിച്ച് പരിഷ്‌കരണ നടപടികള്‍ തുടരുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com