നിങ്ങള്‍ക്ക് എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് കൂടുതല്‍ പണം പിന്‍വലിക്കാം!; ചെയ്യേണ്ടത് ഇത്രമാത്രം

ഡെബിറ്റ് കാര്‍ഡും യോനോ ക്യാഷ് സംവിധാനവും ഒരുമിച്ച് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ പണം എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ അവസരമുണ്ടെന്ന് പ്രമുഖ ബാങ്കായ എസ്ബിഐ
നിങ്ങള്‍ക്ക് എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് കൂടുതല്‍ പണം പിന്‍വലിക്കാം!; ചെയ്യേണ്ടത് ഇത്രമാത്രം

മുംബൈ:  ഡെബിറ്റ് കാര്‍ഡും യോനോ ക്യാഷ് സംവിധാനവും ഒരുമിച്ച് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ പണം എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ അവസരമുണ്ടെന്ന് പ്രമുഖ ബാങ്കായ എസ്ബിഐ. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധിക്ക് മുകളിലാണ് യോനോയുടെ സേവനമെന്നും എസ്ബിഐ അറിയിച്ചു.

നിലവില്‍ എടിഎമ്മില്‍ നിന്ന് പ്രതിദിനം പണം പിന്‍വലിക്കുന്നതിന് എസ്ബിഐ പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പണത്തിന്റെ തോതിനൊപ്പം, പ്രതിമാസം സൗജന്യമായി പണം പിന്‍വലിക്കുന്നതിനും പരിധിയുണ്ട്. ഡെബിറ്റ് കാര്‍ഡ് കൊണ്ടുനടക്കുന്നത് ആപല്‍ക്കരമാണ് എന്ന് ചിന്തിക്കുന്നവരെ സഹായിക്കാനാണ് എസ്ബിഐ യോനോ ക്യാഷ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ തന്നെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയും. ഇതോടെ യോനോ സംവിധാനം വഴി പണം പിന്‍വലിക്കുന്നതും ഡെബിറ്റ് കാര്‍ഡ് മുഖേനയുളള ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധിയില്‍ വരുമോ എന്ന ചോദ്യവും ഉയര്‍ന്നു. അതായത് എടിഎമ്മില്‍ നിന്ന് പ്രതിദിനം പരമാവധി പിന്‍വലിക്കാന്‍ കഴിയുന്ന പണത്തിന്റെ പരിധിയില്‍ യോനോയും ഉള്‍പ്പെടുമോ എന്ന ചോദ്യമാണ് പ്രധാനമായി ഉയരുന്നത്. ഇതിന് വിശദീകരണവുമായാണ് ബാങ്ക് രംഗത്തുവന്നത്.

എടിഎമ്മില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധിക്ക് മുകളിലാണ് യോനോയുടെ സേവനമെന്ന് എസ്ബിഐ പറയുന്നു. അതായത് യോനോ ക്യാഷ് സംവിധാനം ഉപയോഗിച്ച് കൂടുതല്‍ പണം പിന്‍വലിക്കാമെന്ന് സാരം. കൂടാതെ യോനോ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡിനെ അപേക്ഷിച്ച് സൗജന്യ ഇടപാടുകള്‍ കൂടുതലായി ചെയ്യാനുളള അവസരവും ഒരുക്കിയിട്ടുണ്ട്.  അങ്ങനെ വരുമ്പോള്‍ ഡെബിറ്റ് കാര്‍ഡും യോനോ ക്യാഷും  ഒരുമിച്ച് ഉപയോഗിക്കുന്നവര്‍ക്ക് എടിഎമ്മില്‍ നിന്ന് കൂടുതല്‍ പണം പിന്‍വലിക്കാന്‍ കഴിയുമെന്നും എസ്ബിഐയുടെ വിശദീകരണത്തില്‍ പറയുന്നു.

യോനോ ക്യാഷ് സംവിധാനം ഉപയോഗിച്ച് പ്രതിദിനം പിന്‍വലിക്കാന്‍ കഴിയുന്ന പണത്തിന്റെ പരമാവധി തുക 20000 രൂപയാണ്. കുറഞ്ഞത് 500 രൂപയും. ഒരു ഇടപാടില്‍ പരമാവധി 10000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ. ഇതോടെ ഡെബിറ്റ് കാര്‍ഡും യോനോയും ഒരേ പോലെ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് പ്രതിദിനം കൂടുതല്‍ തുക പിന്‍വലിക്കാന്‍ കഴിയുമെന്നാണ് എസ്ബിഐയുടെ വിശദീകരണത്തില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com