നിങ്ങളുടെ പണം നഷ്ടപ്പെടാതിരിക്കണമോ?; എടിഎം ഇടപാടില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് തട്ടിപ്പ് നടത്തുന്ന എടിഎം സ്‌കിമിങ്ങ് വഴി കൊല്‍ക്കത്തയിലെ 30 അക്കൗണ്ട് ഉടമകളുടെ ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍
നിങ്ങളുടെ പണം നഷ്ടപ്പെടാതിരിക്കണമോ?; എടിഎം ഇടപാടില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും എടിഎം സ്‌കിമിങ്ങിന്റെ വാര്‍ത്തകള്‍ പുറത്തുവരികയാണ്. എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് തട്ടിപ്പ് നടത്തുന്ന എടിഎം സ്‌കിമിങ്ങ് വഴി കൊല്‍ക്കത്തയിലെ 30 അക്കൗണ്ട് ഉടമകളുടെ ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ എടിഎം സ്‌കിമിങ്ങ് തടയുന്നതിന് ബാങ്കുകള്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമാണോ എന്ന ചോദ്യവും ഉയരുകയാണ്.

എടിഎം സ്‌കിമിങ്ങ് തടയുന്നതിന്  ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്ന നിര്‍ദേശം റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കിയിരുന്നു. തട്ടിപ്പ് തടയാന്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ എടിഎമ്മുകളില്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും ആര്‍ബിഐ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഒരേ പ്രദേശത്തുളള 30 അക്കൗണ്ട് ഉടമകള്‍ തട്ടിപ്പിന് ഇരയായി ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതോടെ ബാങ്കുകളുടെ സുരക്ഷാ ക്രമീകരണങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്.

പണം പിന്‍വലിക്കാന്‍ എടിഎമ്മില്‍ പ്രവേശിക്കുമ്പോള്‍ അസാധാരണമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഇടപാട് നടത്തരുതെന്നാണ് ജാഗ്രത നിര്‍ദേശം. പിന്‍ നമ്പര്‍ രണ്ടു തവണ നല്‍കാന്‍ നിര്‍ദേശം ലഭിച്ചാലും ഇടപാടുമായി മുന്നോട്ടുപോകരുത്. പതിവില്‍ നിന്ന് വ്യത്യസ്തമായി എടിഎം മെഷീന്‍ ഇരിക്കുന്ന സ്ഥലത്ത് നിന്ന് അല്‍പ്പം മാറിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണം തുടങ്ങി നിരവധി മുന്നറിയിപ്പുകളാണ് സ്‌കിമിങ്ങുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്.

സ്വന്തം ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് തന്നെ പണം പിന്‍വലിക്കുന്നത് തട്ടിപ്പ് തടയാന്‍ ഒരു പരിധിവരെ സഹായിക്കും. കീപാഡില്‍ പിന്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍, മറ്റുളളവര്‍ കാണുന്നില്ലെന്നും ആര്‍ക്കും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം.  ഇടപാട് നടത്താന്‍ അപരിചിതരുടെ സഹായം തേടാതിരിക്കുക. പിന്‍ നമ്പര്‍ ഇടയ്ക്കിടെ മാറ്റുക. പതിവായി അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എടുക്കുന്നതും അക്കൗണ്ട് സംബന്ധിച്ച ധാരണ ലഭിക്കുന്നതിന് സഹായകമാകുമെന്ന് ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ലഭിക്കാന്‍ എടിഎം മെഷീനില്‍ അനധികൃതമായി ഹിഡന്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. എടിഎം മെഷീനില്‍ അസാധാരണമായി പ്ലാസ്റ്റിക് കക്ഷണങ്ങളോ മറ്റോ കണ്ടാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുക. കാര്‍ഡ് റീഡറിലേക്ക് കാര്‍ഡ് ഇടുമ്പോള്‍ അസ്വാഭാവികത തോന്നിയാല്‍ ഇടപാട് നടത്തരുത്. ഇടപാട് നടത്തുന്നതിന് മുന്‍പ് മെഷീനിന്റെ ചുറ്റും ഒന്ന് കണ്ണോടിക്കുന്നത് നല്ലതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. എടിഎം പിന്‍ ടൈപ്പ് ചെയ്യുമ്പോള്‍ ചോര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ചുറ്റുമുളള നിരീക്ഷണം പ്രയോജനം ചെയ്യുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com