മാരുതിക്ക് പിന്നാലെ കൂടുതല്‍ വാഹന നിര്‍മ്മാതാക്കളും; ടാറ്റയുടെ കാറുകളുടെ വിലയില്‍ 15000 രൂപ വരെ വര്‍ധന, ജനുവരിയില്‍ പ്രാബല്യത്തില്‍

മാരുതി സുസുക്കിക്ക് പിന്നാലെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സും യാത്ര വാഹനങ്ങളുടെ വില കൂട്ടാന്‍ ഒരുങ്ങുന്നു
മാരുതിക്ക് പിന്നാലെ കൂടുതല്‍ വാഹന നിര്‍മ്മാതാക്കളും; ടാറ്റയുടെ കാറുകളുടെ വിലയില്‍ 15000 രൂപ വരെ വര്‍ധന, ജനുവരിയില്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: മാരുതി സുസുക്കിക്ക് പിന്നാലെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സും യാത്ര വാഹനങ്ങളുടെ വില കൂട്ടാന്‍ ഒരുങ്ങുന്നു. മാരുതിക്ക് സമാനമായി ജനുവരി മുതല്‍ വില കൂട്ടാനാണ് ടാറ്റ തീരുമാനിച്ചിരിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിക്കാന്‍ ടാറ്റ നിശ്ചയിച്ചിരിക്കുന്നത്.

ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും വായുമലിനീകരണം കുറയ്ക്കുന്നതിനും ഭാരത് സ്റ്റേജ് ആറിലേക്ക് വാഹനനിര്‍മ്മാണം മാറേണ്ടതുണ്ട്. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള ഈ വ്യവസ്ഥയിലേക്ക് മാറുമ്പോള്‍ ചെലവ് ഉയരുമെന്നാണ് കമ്പനികള്‍ പറയുന്നത്. ഇതും കൂടി കണക്കാക്കിയാണ് ജനുവരി മുതല്‍ യാത്ര വാഹനങ്ങള്‍ക്ക് കൂടിയ വില ഈടാക്കാന്‍ ടാറ്റ മോട്ടേഴ്‌സ് തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ ടാറ്റ മോട്ടേഴ്‌സിന്റെ  ടിയാഗോ മുതല്‍ എസ്‌യുവി ഹാരിയര്‍ വരെയുളള മുന്‍നിര കാറുള്‍ക്ക് 4.39 ലക്ഷം മുതല്‍ 16.85 ലക്ഷം രൂപ വരെയാണ് വിലയായി ഈടാക്കുന്നത്. ഭാരത് സ്റ്റേജ് ആറ് പ്രകാരമുളള കാറുകള്‍ നിരത്തില്‍ ഇറങ്ങുന്നതോടെ വാഹനങ്ങളുടെ വില ഉയരുമെന്ന് ടാറ്റ മോട്ടേഴ്‌സ് പ്രസിഡന്റ് മായങ്ക് പരേഖ് പറയുന്നു. ജനുവരി മുതല്‍ വില വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വില വര്‍ധനയുടെ തോത് സംബന്ധിച്ച് വ്യക്തമായി മറുപടി നല്‍കിയില്ലെങ്കിലും 10000 രൂപ മുതല്‍ 15000 രൂപ വരെ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയും യാത്രവാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയ മറ്റൊരു പ്രധാനഘടകമാണെന്നും മായങ്ക് പരേഖ് മാധ്യമങ്ങളോട് പറഞ്ഞു. 2020 ഏപ്രില്‍ ഒന്നോടെ രാജ്യത്ത് ഭാരത് സ്റ്റേജ് ആറ് പ്രകാരമുളള വാഹനങ്ങള്‍ മാത്രമാണ് നിരത്തില്‍ ഇറങ്ങുന്നതെന്ന് ഉറപ്പുവരുത്താന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.

ജനുവരി മുതല്‍ വില കൂട്ടാനാണ് മാരുതി സുസുക്കിയും തീരുമാനിച്ചിരിക്കുന്നത്. വിവിധ മോഡലുകള്‍ക്ക് അനുസരിച്ച വില വര്‍ധനയിലും വ്യത്യാസമുണ്ടാകുമെന്ന് മാരുതി സുസുക്കി അറിയിച്ചു. മാരുതിയുടെ ചുവടുപിടിച്ച് മറ്റ് പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടൊയോട്ട, മഹീന്ദ്ര, മെഴ്‌സിഡസ് ബെന്‍സ് എന്നിവയും വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com