സവാളയ്ക്ക് പിന്നാലെ പഞ്ചസാരയും; വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്, ഉല്‍പ്പാദനത്തില്‍ ഇടിവ് 

സവാളയ്ക്ക് പിന്നാലെ കുടുംബങ്ങളുടെ നിത്യോപയോഗ സാധനമായ പഞ്ചസാരയുടെ വിലയും ഉയരാന്‍ സാധ്യത
സവാളയ്ക്ക് പിന്നാലെ പഞ്ചസാരയും; വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്, ഉല്‍പ്പാദനത്തില്‍ ഇടിവ് 

ന്യൂഡല്‍ഹി:  സവാളയ്ക്ക് പിന്നാലെ കുടുംബങ്ങളുടെ നിത്യോപയോഗ സാധനമായ പഞ്ചസാരയുടെ വിലയും ഉയരാന്‍ സാധ്യത. നിലവില്‍ തന്നെ നേരിയ തോതില്‍ പഞ്ചസാര വില ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.പഞ്ചസാര ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടായത് വില ഉയരാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പഞ്ചസാര ഉല്‍പ്പാദനത്തില്‍ 53 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പഞ്ചസാരയുടെ വില്‍പ്പന സീസണ്‍.മണ്‍സൂണ്‍ വൈകിയതിനെ തുടര്‍ന്ന്് പശ്ചിമ ഇന്ത്യയില്‍ ഉല്‍പ്പാദനം കുറഞ്ഞതാണ് പഞ്ചസാര വില ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍. മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് പഞ്ചസാര ഉല്‍പ്പാദനത്തില്‍ 59 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

വെറും 18.85 ലക്ഷം ടണ്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കാനായത്. 2018 നവംബര്‍ മാസത്തില്‍ 40.69 ലക്ഷം ടണ്ണായിരുന്നു ഉല്‍പ്പാദനം. അന്ന് 418 ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ഇന്നുള്ളത് ആകെ 279 ഫാക്ടറികള്‍ മാത്രമാണ്.

ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ ഉല്‍പ്പാദനം കൂടിയിട്ടുണ്ട്. 10.81 ലക്ഷം ടണ്ണാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചത്. ഒരു വര്‍ഷം മുന്‍പിത് 9.14 ലക്ഷം ടണ്ണായിരുന്നു.

എന്നാല്‍, മഹാരാഷ്ട്രയില്‍ 67,000 ടണ്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കാനായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് ഇവിടെ 18.89 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പ്പാദിപ്പിച്ചിരുന്നു. കര്‍ണ്ണാടകത്തില്‍ 8.40 ലക്ഷം ടണ്ണായിരുന്ന ഉല്‍പ്പാദനം 5.21 ലക്ഷം ടണ്ണിലേക്ക് താഴ്ന്നു. ഇതോടെ ചില്ലറ വിപണിയില്‍ വിലക്കയറ്റം ഉണ്ടായേക്കുമെന്നാണ് ആശങ്ക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com