ഇനി ധൈര്യമായി എടിഎം ഇടപാട് നടത്താം!; സുരക്ഷയ്ക്കായി പുതിയ നിയന്ത്രണങ്ങളുമായി ആര്‍ബിഐ

എടിഎം ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് ശക്തമായ നടപടിക്ക് ഒരുങ്ങുന്നു
ഇനി ധൈര്യമായി എടിഎം ഇടപാട് നടത്താം!; സുരക്ഷയ്ക്കായി പുതിയ നിയന്ത്രണങ്ങളുമായി ആര്‍ബിഐ

ന്യൂഡല്‍ഹി: എടിഎം ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് ശക്തമായ നടപടിക്ക് ഒരുങ്ങുന്നു. വരുന്ന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇത് നടപ്പാക്കാനാണ് റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്. ഇന്ന് അവസാനിച്ച പണ വായ്പ നയ അവലോകന യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

അടുത്തിടെ എടിഎം തട്ടിപ്പിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന സ്‌കിമിങ്ങ് ഉള്‍പ്പെടെയുളള തട്ടിപ്പുകളെ ഗൗരവത്തോടൊണ് റിസര്‍വ് ബാങ്ക് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. എന്നാല്‍ എടിഎം ഇടപാടിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് കൈക്കൊളളാന്‍ പോകുന്ന സൈബര്‍ നിയന്ത്രണങ്ങളെ കുറിച്ച് ഈ മാസം അവസാനം മാത്രമേ വ്യക്തമാകുകയുളളൂ.

എടിഎം സേവനവുമായി ബന്ധപ്പെട്ട് ഒട്ടുമിക്ക ബാങ്കുകളും തേര്‍ഡ് പാര്‍ട്ടി സേവനദാതാക്കളുടെ സേവനത്തെ ആശ്രയിക്കുന്നുണ്ട്. ഇവരിലൂടെ നിര്‍ണായക വിവരങ്ങള്‍ ചോരാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഇത്തരം സേവനദാതാക്കള്‍ക്ക് ബാങ്കുകളുടെ പണമിടപാട് സംവിധാനവുമായും ബന്ധമുണ്ട്. ഇത് സൈബര്‍ തട്ടിപ്പുകള്‍ക്കുളള സാധ്യത തുറന്നിടുന്നതാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് ശക്തമായ നടപടികള്‍ക്ക് ഒരുങ്ങുന്നത്. 

എടിഎം ഇടപാട് സുരക്ഷിതമാക്കാന്‍ റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും. ബാങ്കുകളെയും തേര്‍ഡ് പാര്‍ട്ടി സേവനദാതാക്കളെയും ലക്ഷ്യം വെച്ചുളള മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യം വെച്ചുളളതാണ് നിര്‍ദിഷ്ട മാര്‍ഗനിര്‍ദേശങ്ങള്‍. തുടര്‍ച്ചയായ നിരീക്ഷണം, വിവരങ്ങളുടെ സ്റ്റോറേജ്, കൈമാറ്റം എന്നിവയില്‍ നിയന്ത്രണം, ഫോറന്‍സിക് പരിശോധന, പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ പ്രതികരിക്കാനുളള സംവിധാനം ശക്തിപ്പെടുത്തല്‍ തുടങ്ങിയവ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുളള മാര്‍ഗനിര്‍ദേശങ്ങളാണ് റിസര്‍വ് ബാങ്ക് പരിഗണിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com