വളര്‍ച്ചാനിരക്ക് വെട്ടിക്കുറച്ചു; പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് 

വീണ്ടും പലിശനിരക്ക് കുറയ്ക്കുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ച് റിസര്‍വ് ബാങ്കിന്റെ പണവായ്പ നയപ്രഖ്യാപനം
വളര്‍ച്ചാനിരക്ക് വെട്ടിക്കുറച്ചു; പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് 

ന്യൂഡല്‍ഹി: വീണ്ടും പലിശനിരക്ക് കുറയ്ക്കുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ച് റിസര്‍വ് ബാങ്കിന്റെ പണവായ്പ നയപ്രഖ്യാപനം. മുഖ്യ പലിശനിരക്കുകളില്‍ മാറ്റം വരുത്താതെയാണ് റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചത്. ഇതോടെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ നിരക്ക് 5.15 ശതമാനമായി തുടരും. തിരിച്ച് റിസര്‍വ് ബാങ്കില്‍ ബാങ്കുകള്‍ നിക്ഷേപിക്കുന്ന പണത്തിന് നല്‍കുന്ന പലിശനിരക്കായ റിവേഴ്‌സ് റിപ്പോ നിരക്ക് 4.90 ശതമാനമായി തുടരുമെന്നും വായ്പ നയപ്രഖ്യാപനത്തില്‍ പറയുന്നു. അതേസമയം സാമ്പത്തിക വളര്‍ച്ചയില്‍ അടുത്ത കാലത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ അനുമാനം റിസര്‍വ് ബാങ്ക് കുറച്ചു. ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച അഞ്ചുശതമാനമായിരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പുതുക്കിയ അനുമാനം.


ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള റിസര്‍വ് ബാങ്ക് വായ്പാനയ കമ്മിറ്റി ഇന്ന് വീണ്ടും റിപ്പോ നിരക്ക് വെട്ടിക്കുറയ്ക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍, 26 പാദത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനത്തിലെത്തിയ സാമ്പത്തിക വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വീണ്ടും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാവുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഇത് തെറ്റിച്ചാണ് പലിശനിരക്കുകള്‍ മാറ്റമില്ലാതെ തുടരാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. 

ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായ ശേഷം ചേര്‍ന്ന അഞ്ചു പണവായ്പ നയ അവലോകന യോഗങ്ങളിലും പലിശനിരക്ക്് കുറച്ചിരുന്നു.2019 ലെ അഞ്ച് നിരക്ക് കുറയ്ക്കലുകളിലായി ഇതുവരെ റിപ്പോ നിരക്ക് മൊത്തം 135 ബേസിസ് പോയിന്റുകള്‍ കുറച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com