നിങ്ങള്‍ ബാങ്ക് ലോക്കര്‍ തുറന്നിട്ട് ഒരു വര്‍ഷത്തിലേറെയായോ?; ഇനി ബാങ്ക് തുറന്നുനോക്കും; മുന്നറിയിപ്പ് 

ബാങ്ക് ലോക്കര്‍ സൂക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്
നിങ്ങള്‍ ബാങ്ക് ലോക്കര്‍ തുറന്നിട്ട് ഒരു വര്‍ഷത്തിലേറെയായോ?; ഇനി ബാങ്ക് തുറന്നുനോക്കും; മുന്നറിയിപ്പ് 

ന്യൂഡല്‍ഹി: ബാങ്ക് ലോക്കര്‍ സൂക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്.വര്‍ഷത്തില്‍ ഒരിക്കല്‍ ഉപഭോക്താവ് നിര്‍ബന്ധമായി ബാങ്ക് ലോക്കര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന്് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. അല്ലാത്ത പക്ഷം ബാങ്കിന് തുറന്നു നോക്കാമെന്നും റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 

ഇതുസംബന്ധിച്ച് ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കകം ബാങ്ക് ലോക്കര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുകയോ, അല്ലാത്തപക്ഷം ലോക്കര്‍ വേണ്ടായെന്ന് വെക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍ ഇടപാടുകാരെ സമീപിക്കണം. ഉപഭോക്താവ് തൃപ്തികരമായ മറുപടി നല്‍കിയില്ലായെങ്കില്‍ ബാങ്ക് ലോക്കര്‍ റദ്ദാക്കി മറ്റൊരാള്‍ക്ക് അനുവദിക്കാവുന്നതാണെന്നും റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

വിവിധ കാറ്റഗറിയായി തിരിച്ചാണ് ഉപഭോക്താവിന് ബാങ്ക് ലോക്കര്‍ അനുവദിക്കുന്നത്. സാമ്പത്തികം, സാമൂഹിക നില തുടങ്ങിയവ 
പരിഗണിച്ചാണ് ബാങ്ക് ഉപഭോക്താവിന് കാറ്റഗറി അനുവദിക്കുന്നത്. കുറഞ്ഞ നഷ്ടസാധ്യതയുളള ലോക്കറാണ് സൂക്ഷിക്കുന്നതെങ്കില്‍ ബാങ്കിന് കൂടുതല്‍ സമയം അനുവദിക്കാവുന്നതാണ്. ഇടത്തരം നഷ്ടസാധ്യതയുളള ലോക്കറാണ് ഉപഭോക്താവിന്റെ കൈവശമെങ്കില്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാതെ വരുമ്പോള്‍ മാത്രം നടപടി സ്വീകരിച്ചാല്‍ മതി. അതായത് ഇക്കാര്യം ഓര്‍മ്മിപ്പിച്ച് കൊണ്ട് ബാങ്ക് നോട്ടീസ് നല്‍കണമെന്നും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

ഒരു വ്യക്തിക്ക് ബാങ്ക് ലോക്കര്‍ അനുവദിക്കുന്നതിന് മുന്‍പ് മതിയായ പരിശോധനകള്‍ പൂര്‍ത്തിയാക്കണം. നടപടിക്രമങ്ങള്‍ പൂര്‍ണമായി പാലിച്ച് മാത്രമേ ബാങ്ക് ലോക്കറുകള്‍ ഉപഭോക്താവിന് അനുവദിക്കാവൂ എന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.

ലോക്കര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നില്ലായെങ്കില്‍ ഉപഭോക്താവില്‍ നിന്ന് കാരണം എഴുതിവാങ്ങണം. കാരണം ന്യായമാണെങ്കില്‍, ബാങ്കിന് കൂടുതല്‍ സമയം അനുവദിക്കാവുന്നതാണ്. അല്ലാത്തപക്ഷം ബാങ്ക് ലോക്കര്‍ റദ്ദാക്കി മറ്റൊരാള്‍ക്ക് അത് അനുവദിക്കാവുന്നതാണ്. ബാങ്ക് ലോക്കര്‍ സൂക്ഷിക്കുന്നതിന് കൃത്യമായി വാടക നല്‍കുന്നവര്‍ക്ക് എതിരെയും സമാനമായ നടപടിയാണ് സ്വീകരിക്കേണ്ടത്. ഇക്കാര്യങ്ങള്‍ ബോധ്യമാകാന്‍ ഉപഭോക്താവിന് വേണ്ട വിവരങ്ങള്‍ കൈമാറാന്‍ ബാങ്കുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com