സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ വൊഡഫോണ്‍- ഐഡിഎ അടച്ചുപൂട്ടും: മുന്നറിയിപ്പുമായി കെ എം ബിര്‍ള 

കേന്ദ്രസര്‍ക്കാരിന് നല്‍കാനുളള കുടിശിക 40000 കോടി രൂപയായ പശ്ചാത്തലത്തിലാണ് കെ എം ബിര്‍ളയുടെ പരാമര്‍ശം
സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ വൊഡഫോണ്‍- ഐഡിഎ അടച്ചുപൂട്ടും: മുന്നറിയിപ്പുമായി കെ എം ബിര്‍ള 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെങ്കില്‍ മുന്‍നിര ടെലികോം കമ്പനിയായ വൊഡഫോണ്‍-ഐഡിയ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പുമായി ആദിത്യബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള. കേന്ദ്രസര്‍ക്കാരിന് നല്‍കാനുളള കുടിശിക 40000 കോടി രൂപയായ പശ്ചാത്തലത്തിലാണ് കെ എം ബിര്‍ളയുടെ പരാമര്‍ശം.

'സര്‍ക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെങ്കില്‍ ഷോപ്പ് അടച്ചുപൂട്ടും. ഇതോടെ ഈ കഥ അവസാനിക്കും. മൂന്നു മാസത്തിനുളളില്‍ ലോകത്ത് ഒരു കമ്പനിക്കും അത്രയും ഉയര്‍ന്ന തുക കൊണ്ടുവരാന്‍ സാധിക്കുകയില്ല'- കെ എം ബിര്‍ള പറഞ്ഞു. വരുമാനത്തിന്റെ ഒരു ഭാഗം ലൈസന്‍സ് ഫീസ് ഇനത്തില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്നാണ് വ്യവസ്ഥ. ടെലികോം മേഖലയില്‍ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂവില്‍ നിന്നുമാണ് ലൈസന്‍സ് ഫീസായി നല്‍കേണ്ടത്. അത്തരത്തില്‍ വൊഡഫോണ്‍-ഐഡിയ നല്‍കേണ്ട തുകയുടെ കുടിശ്ശിക 40,000 കോടി രൂപയായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കെ എം ബിര്‍ളയുടെ പരാമര്‍ശം.

സര്‍ക്കാരില്‍ നിന്ന് ആശ്വാസകരമായ നടപടി ഉണ്ടായില്ലെങ്കില്‍ കമ്പനിയില്‍ നിക്ഷേപം നടത്തുന്നത് നിര്‍ത്തുമെന്നും കെ എം ബിര്‍ള മുന്നറിയിപ്പ് നല്‍കി.നല്ല നിലയില്‍ സമ്പാദിച്ച പണം മോശം പണത്തിന് പിന്നാലെ പോകണം എന്ന് പറയുന്നതില്‍ ഒരു യുക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ 50,000 കോടി രൂപയുടെ നഷ്ടമാണ് വൊഡഫോണ്‍- ഐഡിയ രേഖപ്പെടുത്തിയത്. ഇതിന് പുറമേ ലൈസന്‍സ് ഫീസ് ഇനത്തില്‍ 44,200 കോടിയുടെ ബാധ്യത കൂടി കമ്പനിക്കുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com