ജിഎസ്ടി നിരക്കുകള്‍ കൂട്ടുന്നു; അവശ്യവസ്തു വില ഉയരും

രാജ്യം സാമ്പത്തിക പ്രയാസത്തില്‍ നട്ടംതിരിയുന്നതിനിടെ ചരക്കു സേവന നികുതി നിരക്കുകള്‍ കൂട്ടാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ജിഎസ്ടി നിരക്കുകള്‍ കൂട്ടുന്നു; അവശ്യവസ്തു വില ഉയരും

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക പ്രയാസത്തില്‍ നട്ടംതിരിയുന്നതിനിടെ ചരക്കു സേവന നികുതി നിരക്കുകള്‍ കൂട്ടാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അധിക വരുമാനം ലക്ഷ്യമിട്ട് നികുതി ഘടന പുനസംഘടിപ്പിക്കാനാണ് കൗണ്‍സില്‍ ഒരുങ്ങുന്നത്.

നിലവിലെ അഞ്ചു ശതമാനത്തിന്റെ സ്ലാബ് ആറു ശതമാനമാക്കി പുതുക്കി നിശ്ചയിക്കുമെന്നാണ് സൂചനകള്‍. ഇതുവഴി സര്‍ക്കാരിന് പ്രതിമാസം ആയിരം കോടി രൂപയുടെ അധിക വരുമാനം ലഭിക്കും.

അഞ്ചു ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് നിലവില്‍ ജിഎസ്ടി സ്ലാബുകള്‍. അവശ്യവസ്തുക്കള്‍, ഭക്ഷ്യ ഇനങ്ങള്‍, ചെരിപ്പ്, വസ്ത്രം എന്നിവയാണ് കുറഞ്ഞ സ്ലാബ് ആയ അഞ്ചു ശതമാനത്തില്‍ വരുന്നത്. മൊത്തം ജിഎസ്ടി വരുമാനത്തില്‍ അഞ്ചു ശതമാനമാണ് ഈ സ്ലാബില്‍നിന്നു ലഭിക്കുന്നത് എന്നാണ് കണക്കുകള്‍.

ജിഎസ്ടി വരുമാനം പ്രതീക്ഷിച്ച തുകയിലേക്ക് എത്താത്ത സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ മാസം പതിനെട്ടിനാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നത്. ജിഎസ്ടി നടപ്പാക്കിയതിലൂടെ സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തുന്നതില്‍ വീഴ്ച വന്നതിനെച്ചൊല്ലി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് യോഗം. 

അഞ്ചു ശതമാനം ജിഎസ്ടി ഈടാക്കുന്ന സ്ലാബ് ആറ് ആക്കി പുനസംഘടിപ്പിക്കുന്നതിലൂടെ കേന്ദ്ര, സംസ്ഥാന വിഹിതം തുല്യമാവുമെന്നാണ് ഇതിനു വേണ്ടി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഫലത്തില്‍ 20 ശതമാനം വര്‍ധനയാണ് വരുന്നതെങ്കിലും ഈ സ്ലാബിലെ ഇനങ്ങളുടെ വില കണക്കിലെടുക്കുമ്പോള്‍ വലിയ വര്‍ധന ഉണ്ടാവില്ലെന്നും അവര്‍ പറയുന്നു. നിരക്കു വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തോട് സംസ്ഥാനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com