നിങ്ങളുടെ എടിഎം കാര്‍ഡ് ഉപയോഗശൂന്യമായോ?; നിമിഷനേരം കൊണ്ട് ബ്ലോക്ക് ചെയ്യാം, പുതിയ കാര്‍ഡിന് അപേക്ഷിക്കാനും എളുപ്പമാര്‍ഗങ്ങള്‍

എടിഎം കാര്‍ഡ് നഷ്ടപ്പെടുന്ന വേളയില്‍ തന്നെ ബാങ്കിന് നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ നിന്ന് എസ്എംഎസ് ആയി സന്ദേശം അയച്ച് ഉപഭോക്താവ് കാര്‍ഡ് ബ്ലോക്ക് ചെയ്യണമെന്ന് എസ്ബിഐയുടെ മുന്നറിയിപ്പില്‍ പറയുന്നു
നിങ്ങളുടെ എടിഎം കാര്‍ഡ് ഉപയോഗശൂന്യമായോ?; നിമിഷനേരം കൊണ്ട് ബ്ലോക്ക് ചെയ്യാം, പുതിയ കാര്‍ഡിന് അപേക്ഷിക്കാനും എളുപ്പമാര്‍ഗങ്ങള്‍

ന്യൂഡല്‍ഹി:  എടിഎം കാര്‍ഡ് നഷ്ടപ്പെടുകയോ, ഉപയോഗശൂന്യമാകുകയോ ചെയ്താല്‍ കേവലം ഒരു ഫോണ്‍ കോളിലൂടെ വരെ ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യാനുളള സൗകര്യമാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഒരുക്കിയിരിക്കുന്നത്. കാര്‍ഡിന്റെ ദുരുപയോഗം തടയാന്‍ എത്രയും പെട്ടെന്ന് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കളോട് ബാങ്കുകള്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യം.

എടിഎം കാര്‍ഡ് നഷ്ടപ്പെടുന്ന വേളയില്‍ തന്നെ ബാങ്കിന് നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ നിന്ന് എസ്എംഎസ് ആയി സന്ദേശം അയച്ച് ഉപഭോക്താവ് കാര്‍ഡ് ബ്ലോക്ക് ചെയ്യണമെന്ന് എസ്ബിഐയുടെ മുന്നറിയിപ്പില്‍ പറയുന്നു. 567676 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്. ബ്ലോക്ക് എന്ന് ഇംഗ്ലീഷില്‍ എഴുതിയശേഷം എടിഎം കാര്‍ഡിന്റെ അവസാനത്തെ നാല് അക്കങ്ങളും ചേര്‍ത്താണ് എസ്എംഎസ് സന്ദേശം നല്‍കേണ്ടത്. കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിനുളള അപേക്ഷ സ്വീകരിച്ച് കഴിഞ്ഞാല്‍ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്ക് ഇക്കാര്യം അറിയിച്ചു കൊണ്ടുളള എസ്എംഎസ് അലര്‍ട്ട് സന്ദേശം അയക്കും.

കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചും എസ്ബിഐ അക്കൗണ്ടുടമകള്‍ക്ക് കാര്‍ഡ് ബ്ലോക്ക് ചെയ്യാം. 18004253800 അല്ലെങ്കില്‍ 1800112211 എന്ന നമ്പറുകളിലേക്ക് വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യാനുളള അവസരവും എസ്ബിഐ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാര്‍ഡ് നഷ്ടപ്പെട്ട എസ്ബിഐ അക്കൗണ്ടുടമകള്‍ക്ക് നാലു വഴികളിലൂടെ പുതിയ കാര്‍ഡിന് അപേക്ഷിക്കാം. എസ്ബിഐ കാര്‍ഡ് ഡോട്ട് കോം എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നതാണ് ഒരു രീതി. ഇതില്‍ റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്ത് പുതിയ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്.

എസ്ബിഐ കാര്‍ഡിന്റെ മൊബൈല്‍ ആപ്പില്‍ കയറിയും അപേക്ഷ നല്‍കാന്‍ കഴിയും. ഇതില്‍ സര്‍വീസ് റിക്വസ്റ്റ് എന്ന ഓപ്ഷന്‍ ഉണ്ട്. തുടര്‍ന്ന് റീപ്ലെയിസ് കാര്‍ഡ് എന്ന ഓപ്ഷനില്‍ പ്രവേശിച്ച് പുതിയ കാര്‍ഡ് നമ്പര്‍ തെരഞ്ഞെടുക്കാവുന്നതാണ്.

എസ്ബിഐ കാര്‍ഡിലേക്ക് ഇ-മെയില്‍ സന്ദേശം അയച്ചും പുതിയ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. ഹെല്‍പ്പ് ലൈന്‍ നമ്പറായ 1800 425 3800 എന്ന നമ്പറിലേക്ക് വിളിച്ച് പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നതാണ് നാലാമത്തെ രീതി. പുതിയ കാര്‍ഡിന് അപേക്ഷിക്കാന്‍ നൂറുരൂപയും നികുതിയുമാണ് ഫീസ്. അപേക്ഷിച്ച് ഏഴാം പ്രവൃത്തി ദിവസം കാര്‍ഡ് ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com