വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തില്‍ ജയം; സൈറസ് മിസ്ത്രി വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്തേക്ക്

ടാറ്റാ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ തന്നെ വീണ്ടും നിയമിച്ച് ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണല്‍ ഉത്തരവിട്ടു
വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തില്‍ ജയം; സൈറസ് മിസ്ത്രി വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്തേക്ക്

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ഒടുവില്‍ സൈറസ് മിസ്ത്രി വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്തേക്ക്. ടാറ്റാ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ തന്നെ വീണ്ടും നിയമിച്ച് ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. എന്നാല്‍ വിധിയില്‍ അപ്പീല്‍ നല്‍കാന്‍ ടാറ്റാ ഗ്രൂപ്പിന് അവസരം നല്‍കി ഉത്തരവ് നടപ്പാക്കുന്നത് നാല് ആഴ്ചത്തേയ്ക്ക് നീട്ടി.

പുതിയ ചെയര്‍മാനായി നടരാജന്‍ ചന്ദ്രശേഖരനെ നിയമിച്ച നടപടി നിയമവിരുദ്ധമാണെന്നും ട്രിബ്യൂണല്‍ വിധിച്ചു. മൂന്നുവര്‍ഷം മുന്‍പ് ഒരു സുപ്രഭാതത്തില്‍ സൈറസ് മിസ്ത്രിയെ ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് നിന്ന് മാറ്റിയത് കോര്‍പ്പറേറ്റ് ലോകം അമ്പരപ്പോടെയാണ് കേട്ടത്. തുടര്‍ന്ന് ടാറ്റാ ഗ്രൂപ്പിനെതിരെ സൈറസ് മിസ്ത്രി നിയമനടപടി സ്വീകരിക്കുകയായിരുന്നു. ടാറ്റ സണ്‍സില്‍ 18.4% ഓഹരിയാണ് മിസ്ത്രി കുടുംബത്തിനുളളത്.

ജൂലൈയില്‍ തന്നെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടി നിയമവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി സൈറസ് മിസ്ത്രി നല്‍കിയ ഹര്‍ജി ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണലിന്റെ മുംബൈ ബെഞ്ച് തളളിയിരുന്നു. എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ടാറ്റാ സണ്‍സ് ബോര്‍ഡിന് യോഗ്യത ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ട്രിബ്യൂണല്‍ വിധി. ബോര്‍ഡിന്റെ ദുര്‍ഭരണവും ഗ്രൂപ്പിന്റെ ന്യൂനപക്ഷ ഓഹരി ഉടമകളോടുളള അവഗണനയുമാണ് തന്റെ പുറത്താകലിന് കാരണമെന്ന മിസ്ത്രിയുടെ വാദം തളളിയായിരുന്നു അന്നത്തെ കോടതി വിധി. എന്‍സിഎല്‍ടി മുംബൈ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് അപ്പീല്‍ സമര്‍പ്പിച്ചത്.  

2016 ഒക്‌ടോബറിലാണ് ടാറ്റാ ഗ്രൂപ്പിന്റെ ആറാമതു ചെയര്‍മാനായിരുന്ന മിസ്ത്രിയെ സ്ഥാനത്തുനിന്ന് പുറത്താക്കിയത്.  ഇടക്കാല ചെയര്‍മാന്‍ ആയി രത്തന്‍ ടാറ്റ വീണ്ടും തലപ്പത്തെത്തി. 2012 ഡിസംബറില്‍ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായാണ് മിസ്ത്രി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com