മാസങ്ങളുടെ കാത്തിരിപ്പ് വേണ്ട, ഒറ്റ ക്ലിക്കില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം; പുതിയ സാങ്കേതിക വിദ്യയുമായി കൃഷി വകുപ്പ്‌

നാശനഷ്ടത്തിന്റെ കണക്കും ഫോട്ടോയും ഡയറക്ടറേറ്റിന് ലഭ്യമാക്കുന്നതോടെ കാലവര്‍ഷക്കെടുതിയില്‍ ഓരോ ദിവസവും എത്രമാത്രം നാശനഷ്ടമുണ്ടായെന്ന് ഈ സോഫ്‌റ്റ്വെയറിലൂടെ അധികൃതര്‍ക്ക് അറിയാനാവും
മാസങ്ങളുടെ കാത്തിരിപ്പ് വേണ്ട, ഒറ്റ ക്ലിക്കില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം; പുതിയ സാങ്കേതിക വിദ്യയുമായി കൃഷി വകുപ്പ്‌

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ഇനി മുതല്‍ നഷ്ടപരിഹാരം നല്‍കുക സ്മാര്‍ട്ട് സോഫ്‌റ്റ്വെയറിന്റെ സഹായത്തോടെ. ഓണ്‍ലൈനായി പരാതി രജിസ്റ്റര്‍ ചെയ്താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സ്ഥലം സന്ദര്‍ശിച്ച് ഫോട്ടോയും നാശനഷ്ടത്തിന്റെ കണക്കും അപ്ലോഡ് ചെയ്യണം. അധികം വൈകാതെ കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നഷ്ടപരിഹാര തുക ലഭിക്കും. 

നാശനഷ്ടത്തിന്റെ കണക്കും ഫോട്ടോയും ഡയറക്ടറേറ്റിന് ലഭ്യമാക്കുന്നതോടെ കാലവര്‍ഷക്കെടുതിയില്‍ ഓരോ ദിവസവും എത്രമാത്രം നാശനഷ്ടമുണ്ടായെന്ന് ഈ സോഫ്‌റ്റ്വെയറിലൂടെ അധികൃതര്‍ക്ക് അറിയാനാവും. നഷ്ടപരിഹാര തുക സര്‍ക്കാര്‍ അനുവദിച്ചാല്‍ ഉടന്‍ ഒറ്റ ക്ലിക്കില്‍ കര്‍ഷകര്‍ക്ക് പണം ലഭ്യമാകും. 

കൃഷി വകുപ്പിന്റെ ഐടി സെല്ലാണ് സോഫ്‌റ്റ്വെയര്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ സോഫ്റ്റ്വയര്‍ പ്രവര്‍ത്തനസജ്ജമായിട്ടും നഷ്ടപരിഹാരം യഥാസമയം നല്‍കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. പഴയ കണക്കിലുള്‍പ്പെട്ട കര്‍ഷകര്‍ക്ക് കുടിശിക നല്‍കാത്തത് കാരണമാണ് ഇതെന്നാണ് അധികൃതരുടെ വിശദീകരണം. 2018-19 വര്‍ഷത്തെ നഷ്ടപരിഹാര ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള 26 കോടി രൂപ ഉടന്‍ വിതരണം ചെയ്യും. ഇതിന് പിന്നാലെയാവും സ്മാര്‍ട്ട് സോഫ്‌റ്റ്വെയര്‍ ലഭിച്ച അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക. 

നേരത്തെ, കൃഷി ഭവനിലെത്തി പ്രത്യേക ഫോം പൂരിപ്പിച്ചാണ് കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നല്‍കിയിരുന്നത്. പിന്നാലെ കൃഷി ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ക്ക് അയക്കും. ഇവിടെ നിന്ന് ജില്ലാ ഓഫീസിലേക്കും തുടര്‍ന്ന് ഡയറക്ടറേറ്റിലേക്കും ഫയല്‍ കൈമാറും. അതിന് ശേഷമാണ് തുക അനുവദിച്ചിരുന്നത്. മാസങ്ങളുടെ കാലതാമസമുണ്ടായിരുന്ന നടപടിയാണ് സ്മാര്‍ട്ട് സോഫ്‌റ്റ്വെയറിലൂടെ വേഗത്തിലാവുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com