ബാങ്കിലും ഇനി മതം രേഖപ്പെടുത്തണം; നിയമത്തില്‍ ഭേദഗതി, പുതിയ അപേക്ഷകള്‍ ഉടന്‍

മതം ഏതെന്ന് രേഖപ്പെടുത്തുന്നതിന്  കെവൈസി അപേക്ഷകളില്‍ വൈകാതെ തന്നെ ബാങ്കുകള്‍ പുതിയ കോളം ഉള്‍പ്പെടുത്തും
ബാങ്കിലും ഇനി മതം രേഖപ്പെടുത്തണം; നിയമത്തില്‍ ഭേദഗതി, പുതിയ അപേക്ഷകള്‍ ഉടന്‍

മുംബൈ:  ബാങ്കുകളുടെ കെവൈസി അപേക്ഷകളില്‍ ഇനി മുതല്‍ മതം രേഖപ്പെടുത്തേണ്ടി വരും. മതം ഏതെന്ന് രേഖപ്പെടുത്തുന്നതിന്  കെവൈസി അപേക്ഷകളില്‍ വൈകാതെ തന്നെ ബാങ്കുകള്‍ പുതിയ കോളം ഉള്‍പ്പെടുത്തും. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ വരുത്തിയ ഭേദഗതിക്ക് അനുസരിച്ചുളള നടപടികള്‍ക്കാണ് ബാങ്കുകള്‍ തയ്യാറെടുക്കുന്നത്.

അയല്‍രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്ലീം ഇതര മതന്യൂനപക്ഷങ്ങള്‍ക്ക് എന്‍ആര്‍ഒ അക്കൗണ്ട് തുറക്കുന്നതിനും വസ്തുവകകള്‍ കൈവശം വെയ്ക്കുന്നതിനും അനുമതി നല്‍കിയാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ ഭേദഗതികള്‍ കൊണ്ടുവന്നത്. പൗരത്വ നിയമ ഭേദഗതിക്ക് സമാനമായ വ്യവസ്ഥകളാണ് ഈ നിയമത്തിലും ഉള്‍പ്പെടുന്നത്. 2018ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ ഭേദഗതി വരുത്തിയത്.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയ മുസ്ലീം ഇതര മതന്യൂനപക്ഷങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അതായത് ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍, സിഖുക്കാര്‍, ബുദ്ധിസ്റ്റുകള്‍, ജൈനന്‍മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് എന്‍ആര്‍ഒ അക്കൗണ്ടും വാസയോഗ്യമായ കെട്ടിടവും വാങ്ങാന്‍ അനുമതി നല്‍കുന്നതാണ് പുതിയ ഭേദഗതി.പൗരത്വ നിയമ ഭേദഗതി പോലെ ഈ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്ലീങ്ങളെയും നിരീശ്വരവാദികളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ശ്രീലങ്ക, മ്യാന്മാര്‍, തിബറ്റ് എന്നി രാജ്യങ്ങളില്‍ നിന്നും കുടിയേറിയവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിലെ പട്ടിക മൂന്നിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്ലീം ഇതര മതന്യൂനപക്ഷങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് ഈ ഭേദഗതി. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘകാല വിസ അനുവദിച്ചവര്‍ക്ക് എന്‍ആര്‍ഒ അക്കൗണ്ട് തുറക്കാമെന്ന് നിയമത്തില്‍ പറയുന്നു. ഇവര്‍ക്ക് പൗരത്വം ലഭിക്കുന്ന മുറയ്ക്ക് ഈ അക്കൗണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലഭിക്കുന്ന തദ്ദേശീയ അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണെന്നും നിയമത്തില്‍ പറയുന്നു. ഇവര്‍ക്ക് വാസയോഗ്യമായ ഒരു കെട്ടിടം വാങ്ങാനുളള അനുമതിയും നിയമത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com