ഇനി ആര്‍ടി ഓഫീസിലും ഫാസ്ടാഗ് കൗണ്ടറുകള്‍

ഫാസ് ടാഗ് കൗണ്ടറുകള്‍ ഇനി ആര്‍ടിഒ ഓഫീസിലും പ്രവര്‍ത്തനം തുടങ്ങും
ഇനി ആര്‍ടി ഓഫീസിലും ഫാസ്ടാഗ് കൗണ്ടറുകള്‍

കൊച്ചി: ഫാസ് ടാഗ് കൗണ്ടറുകള്‍ ഇനി ആര്‍ടിഒ ഓഫീസിലും പ്രവര്‍ത്തനം തുടങ്ങും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കി. ഫാസ് ടാഗ് ഡിസംബര്‍ 15 മുതല്‍ നിര്‍ബന്ധമാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ വളരെ കുറച്ച് വാഹനങ്ങളില്‍ മാത്രമാണ് ഇതുവരേയും ഫാസ് ടാഗ് പതിച്ചിരിക്കുന്നത്. ഇത് കണക്കിലെടുത്താണ് ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് ജനുവരി 15  മുതലാക്കാന്‍ തീരുമാനമായത്.

ടോള്‍ പ്ലാസയിലൂടെ കടന്നുപോകാന്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് 2020 മാര്‍ച്ച് വരെ 2.5 ശതമാനം ക്യാഷ് ബാക്ക് ഓഫറാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫാസ്ടാഗ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നിലവില്‍ രാജ്യത്തെ 75 ശതമാനം വാഹനങ്ങളും ഫാസ്ടാഗിലേക്ക് മാറിയിട്ടില്ല. ഈ വാഹനങ്ങള്‍ക്ക് ഇതിലേക്ക് പൂര്‍ണമായി മാറുന്നതിന്റെ ഭാഗമായാണ് ജനുവരി 15 വരെ സാവകാശം നല്‍കിയിരിക്കുന്നത്. ജനുവരി 15ന് ശേഷം ഫാസ്ടാഗ് സംവിധാനം പൂര്‍ണമായി നടപ്പാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയത്.

നിലവില്‍ ടോള്‍ പ്ലാസകളില്‍ 75 ശതമാനം ലൈനുകള്‍ ഫാസ്ടാഗിനായാണ് മാറ്റിവെച്ചിരിക്കുന്നത്. 25 ശതമാനം ലൈനുകള്‍ ഹൈബ്രിഡാണ്. അതായത് ഫാസ്ടാഗില്ലാത്തവര്‍ക്ക് ടോള്‍ തുക അടച്ച് കടന്നുപോകാനുളള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഫാസ്ടാഗ് സംവിധാനം പൂര്‍ണമായി നടപ്പാക്കുന്നതോടെ, ഇരുവശങ്ങളിലുമായി രണ്ട് ഹൈബ്രിഡ് ലൈനുകള്‍ മാത്രമാണ് ഉണ്ടാവുക. ഫാസ്ടാഗില്ലാതെ വരുന്ന വാഹനങ്ങള്‍ ഇരട്ടിത്തുക നല്‍കി കടന്നുപോകേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com