എസ്ബിഐ ഡേറ്റാ സർവറിന് സുരക്ഷയില്ല;  വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുകൾ

രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെര്‍‌വറിൽ നിന്ന് ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ
എസ്ബിഐ ഡേറ്റാ സർവറിന് സുരക്ഷയില്ല;  വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുകൾ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെര്‍‌വറിൽ നിന്ന് ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ബാങ്കിന്‍റെ പ്രധാന സെർവറുകളിലൊന്ന് പ്രാഥമിക സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് ആശങ്ക പടർന്നത്. എസ്ബിഐയുടെ മുംബൈയിലുള്ള ഡേറ്റ സെർവറുകളിലൊന്നിൽ ഡേറ്റാ സുരക്ഷ സംബന്ധിച്ച ഗവേഷണം നടത്തുന്ന ഒരാൾ കടന്നു കയറുകയായിരുന്നു. 

എന്നാൽ പുറത്തു വന്ന വാർത്തകൾ എസ്ബിഐ അധികൃതർ നിഷേധിച്ചു. സെർവറിന് സാങ്കേതിക തകരാർ സംഭവിച്ചതായി സമ്മതിച്ച അധികൃ‌തർ പക്ഷേ ഇടാപടുകാർ ഭയപ്പെടേണ്ട യാതൊന്നുമില്ലെന്നും വ്യക്തമാക്കി. എസ്എംഎസ് സംവിധാനത്തിലൂടെ അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങൾ ഓരോ ഉപയോക്താവിനും നൽകുന്ന എസ്ബിഐ ക്വിക്ക് എന്ന സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂക്ഷിച്ച സെർവറിലാണു വീഴ്ച കണ്ടെത്തിയത്. 

വീഴ്ച കണ്ടെത്തിയ വിവരം ബാങ്ക് അധികൃതരെ അറിയിച്ചതിനെ തുടർന്ന് പിന്നീട് പാസ്‍വേഡ് നൽകി ഡേറ്റാ സെർവറിന്റെ സുരക്ഷ ഉറപ്പാക്കി. ഡേറ്റ ചോർന്നിട്ടുണ്ടോ എന്നു സ്ഥിരീകരിക്കാനായിട്ടില്ല. ഡേറ്റ ആരെങ്കിലും ചോർത്തിയിട്ടുണ്ടെങ്കിൽ തന്നെ പിൻ നമ്പറോ പാസ്‍വേ‍ഡോ ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ പണം നഷ്ടമാകില്ല. എന്നാൽ പണമിടപാടു സംബന്ധിച്ച വിവരങ്ങൾ സൈബർ ക്രിമിനലുകൾ പിന്നീട് സാമ്പത്തിക തട്ടിപ്പിനുള്ള ഉപാധിയാക്കാൻ സാധ്യതയുണ്ടെന്നു വിദഗ്ധർ പറയുന്നു.

ബാങ്കിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ പണമിടപാടു സംബന്ധിച്ച വിവരങ്ങൾ സെര്‍വറിൽ ലഭ്യമായിരുന്നു. തത്സമയം നടക്കുന്ന ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും ആർക്കും സ്വന്തമാക്കാൻ കഴിയുന്ന നിലയിലായിരുന്നു. ഓരോ ഉപയോക്താവും രണ്ട‌് മാസത്തോളം നടത്തിയ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങളാണ് ഇത്തരത്തിൽ പരസ്യമായി ലഭ്യമായിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com