കേബിള്‍ ടിവി ബില്‍ 25 ശതമാനം ഉയരാന്‍ സാധ്യത; 230 രൂപ കൊടുത്തിരുന്ന സ്ഥാനത്ത് 300 രൂപ നല്‍കേണ്ടി വരും, റിപ്പോര്‍ട്ട് 

കേബിള്‍ ടിവി, ഡിടിഎച്ച് മേഖലയില്‍ ട്രായ് കൊണ്ടുവന്ന നിയന്ത്രണം, ഉപഭോക്താക്കളുടെ പ്രതിമാസ വരിസംഖ്യയില്‍ 25 ശതമാനംവരെ വിലവര്‍ധനയ്ക്ക് കാരണമായേക്കുമെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സി
കേബിള്‍ ടിവി ബില്‍ 25 ശതമാനം ഉയരാന്‍ സാധ്യത; 230 രൂപ കൊടുത്തിരുന്ന സ്ഥാനത്ത് 300 രൂപ നല്‍കേണ്ടി വരും, റിപ്പോര്‍ട്ട് 

മുംബൈ: കേബിള്‍ ടിവി, ഡിടിഎച്ച് മേഖലയില്‍ ട്രായ് കൊണ്ടുവന്ന നിയന്ത്രണം, ഉപഭോക്താക്കളുടെ പ്രതിമാസ വരിസംഖ്യയില്‍ 25 ശതമാനംവരെ വിലവര്‍ധനയ്ക്ക് കാരണമായേക്കുമെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സിയായ ക്രിസില്‍.ചാനലുകള്‍ തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം ഉപഭോക്താക്കള്‍ക്ക് നല്‍കികൊണ്ടുളള ഈ പരിഷ്‌കരണം, ജനകീയ ചാനലുകള്‍ക്ക് ഗുണകരമാകുമെന്നും ക്രിസില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

മേഖലയില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ ബ്രോഡ്കാസ്‌റ്റേഴ്‌സും ഡിസ്ട്രിബ്യൂട്ടേഴ്‌സും പുതിയ താരിഫ് നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഉപഭോക്താക്കളുടെ പ്രതിമാസ വരിസംഖ്യയില്‍ വര്‍ധന വരുത്തുമെന്നാണ് ക്രിസിലിന്റെ കണക്കുകൂട്ടല്‍. പലരും ഇതിനകം ചാനലുകള്‍ പെയ്ഡ് ചാനലാക്കി മാറ്റിയത് ഉള്‍പ്പെടെയുളള ഘടകങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പ്രതികൂലമാകാന്‍ സാധ്യതയുണ്ട്.  ഫെബ്രുവരി ഒന്നിനാണ് ട്രായിയുടെ പുതിയ നിര്‍ദേശം നിലവില്‍വന്നത്.

നേരത്തെയുണ്ടായിരുന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ ബില്ലില്‍ 25 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് ക്രിസിലിന്റെ വിലയിരുത്തല്‍. പ്രതിമാസം 230-240 രൂപ നിരക്കില്‍ ചാനല്‍ വരിസംഖ്യ അടച്ചിരുന്നവര്‍ പ്രധാനപ്പെട്ട പത്ത് ചാനലുകള്‍ തെരഞ്ഞെടുക്കുന്നതോടെ പുതിയ നിരക്കുകള്‍ പ്രകാരം  300 രൂപയെങ്കിലും അടയ്‌ക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com