നിരക്കുകള്‍ കാല്‍ശതമാനം കുറച്ചു; വായ്പ പലിശകള്‍ കുറയും 

പലിശനിരക്കുകളില്‍ കാല്‍ശതമാനത്തിന്റെ കുറവുവരുത്തി റിസര്‍വ് ബാങ്കിന്റെ വായ്പനയപ്രഖ്യാപനം
നിരക്കുകള്‍ കാല്‍ശതമാനം കുറച്ചു; വായ്പ പലിശകള്‍ കുറയും 

ന്യൂഡല്‍ഹി: പലിശനിരക്കുകളില്‍ കാല്‍ശതമാനത്തിന്റെ കുറവുവരുത്തി റിസര്‍വ് ബാങ്കിന്റെ വായ്പനയപ്രഖ്യാപനം. മൂന്നുദിവസമായി നടന്ന പണവായ്പ അവലോകന യോഗത്തിലാണ് തീരുമാനം.

ഇതോടെ റിസര്‍വ് ബാങ്ക്, ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.25 ശതമാനമായി. റിസര്‍വ് ബാങ്കിലെ നിക്ഷേപത്തിന് നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ നിരക്കിലും സമാനമായ കുറവ് വരുത്തിയിട്ടുണ്ട്. 

പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധയമായ പശ്ചാത്തലത്തിലാണ് നിരക്ക് കുറയ്ക്കാന്‍ പണനയസമിതി തീരുമാനിച്ചത്. ഡിസംബറില്‍ ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പനിരക്ക് മൂന്നുശതമാനത്തില്‍ താഴെ എത്തിയിരുന്നു. ഇത് 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇതെല്ലാം കണക്കിലെടുത്താണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.

റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റ ശേഷമുളള ആദ്യ പണവായ്പ നയ അവലോകന യോഗത്തിലാണ് നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത് വ്യാപാരമേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരും നിരക്ക് കുറയ്ക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചിരുന്നത്.

വരുന്ന സാമ്പത്തിക വര്‍ഷം രാജ്യം 7.4 ശതമാനം സാമ്പത്തികവളര്‍ച്ച നേടുമെന്നാണ് റിസര്‍വ് ബാങ്കിന്റെ അനുമാനം. 2019-2020 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ അര്‍ധപാദത്തില്‍ പണപ്പെരുപ്പനിരക്ക് 3.2 ശതമാനം മുതല്‍ 3.4 ശതമാനം വരെയായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് കണക്കുകൂട്ടുന്നു. അവസാനപകുതിയുടെ ആദ്യപാദത്തില്‍ ഇത് 3.9 ശതമാനമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് അനുമാനിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com