അനുവാദമില്ലാതെ സ്‌ക്രീന്‍ ആക്ടിവിറ്റി ചോര്‍ത്തി? ഐ ഫോണ്‍ ആപ്പുകള്‍ 'ആപ്പി'ലായേക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th February 2019 08:07 PM |
Last Updated: 10th February 2019 08:07 PM | A+A A- |

ഉപഭോക്താവിന്റെ അറിവോ സമ്മതമോ കൂടാതെ ഐഫോണ്‍ ആപ്പുകള്‍ സ്‌ക്രീന്‍ ആക്ടിവിറ്റികള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. മൊബൈലില്‍ എന്തൊക്കെ ചെയ്യുന്നു എന്നതിന് പുറമേ ഉപഭോക്താവിനെ മൊത്തത്തില്‍ നിരീക്ഷിക്കുന്നതിന് സന്തത സഹചാരിയായ മൊബൈലിനെ ആപ്പുകള്‍ പാട്ടിലാക്കിയെന്ന് തെളിവുകള്‍ സഹിതമാണ് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. എയര്‍ കാനഡ, ഹോളിസ്റ്റര്‍, എക്‌സ്പീഡിയ തുടങ്ങിയ ആപ്പുകളാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്.
ഓരോ തവണ ഫോണിന്റെ ലോക്ക് മാറ്റുമ്പോഴും, ബട്ടന്‍ ഞെക്കുമ്പോഴും, കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നത് വരെ ആപ്പുകള്‍ സ്‌ക്രീന്‍ഷോട്ടായും അല്ലാതെയും ശേഖരിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്.
ഗുരുതരമായ കണ്ടെത്തലാണ് ഐ ഫോണ്‍ ആപ്പുകള്‍ക്കെതിരെ ഉണ്ടായിരിക്കുന്നത് എന്നത് കൊണ്ട് തന്നെ കടുത്ത നടപടികള്‍ക്കുള്ള സാധ്യതയുമുണ്ട്. പാസ്‌പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങി സുപ്രധാന വിവരങ്ങള്‍ ഉപഭോക്താക്കളില്‍ നിന്നും ആപ്പുകള്‍ സ്വന്തമാക്കിയിട്ടുണ്ടാവാമെന്നും ഇത്തരം വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ഒരു ഉറപ്പുമില്ലെന്നും ടെക്ക്രഞ്ച് പറയുന്നു.