ഇതുവരെ ചാനല്‍ തെരഞ്ഞെടുക്കാത്തവര്‍ക്ക് 'അനുയോജ്യ പ്ലാന്‍' ; സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

ട്രായ് വെബ്‌സൈറ്റിലും സേവനദാതാക്കളുടെ വെബ്‌സൈറ്റിലും ചാനലുകളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്
ഇതുവരെ ചാനല്‍ തെരഞ്ഞെടുക്കാത്തവര്‍ക്ക് 'അനുയോജ്യ പ്ലാന്‍' ; സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

കൊച്ചി : കേബിള്‍ ടിവിയിലും ഡിടിഎച്ചിലും ഇഷ്ടമുള്ള ടിവി ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ വരിക്കാര്‍ക്ക് മാര്‍ച്ച് 31 വരെ സമയം നീട്ടിയതായി ടെലികോം നിയന്ത്രണ അതോറിട്ടി അറിയിച്ചു. സൗജന്യ ചാനലുകളും പേ ചാനലുകളും തെരഞ്ഞെടുക്കാനുള്ള അവസരം, മാസവരി സംഖ്യ മുന്‍കൂറായി അടക്കുന്നതിനാല്‍ ഓരോ മാസവും ലഭിക്കും. 

ട്രായ് വെബ്‌സൈറ്റിലും സേവനദാതാക്കളുടെ വെബ്‌സൈറ്റിലും ചാനലുകളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം വിലയും ജിഎസ്ടി ചേര്‍ത്തുള്ള വിലയും നല്‍കിയിട്ടുണ്ട്. ബ്രോഡ്കാസ്റ്റിംഗ് കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുള്ള ബൊക്കെകളും ( ചാനല്‍ പാക്കേജുകള്‍) അതത് സേവന ദാതാവിന്റെ പാക്കേജുകളും വെബ്‌സൈറ്റിലൂടെ തെരഞ്ഞെടുക്കാം. 

26 ദൂരദര്‍ശന്‍ ചാനലുകളും 74 സൗജന്യ ചാനലുകളും ആവശ്യാനുസരണം പേ ചാനലുകളും ബൊക്കെകളും തെരഞ്ഞെടുത്താല്‍ പണം മുന്‍കൂറായി അടച്ച്, പുതിയ സംവിധാനത്തിലേക്ക് മാറാം. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന പട്ടിക പൂരിപ്പിച്ചുനല്‍കിയും തെരഞ്ഞെടുപ്പ് നടത്താം. 

കാണേണ്ടുന്ന ചാനല്‍ മാത്രം തെരഞ്ഞെടുക്കാനും അതിന് മാത്രം വരിസംഖ്യ നല്‍കാനുമുള്ള സ്വാതന്ത്ര്യം വരിക്കാര്‍ക്ക് നല്‍കുന്ന പദ്ധതി ഈ മാസം ഒന്നിനാണ് നിലവില്‍ വന്നത്. എന്നാല്‍ ഇതുവരെ ചാനല്‍ തെരഞ്ഞെടുക്കാത്ത വരിക്കാര്‍ക്ക് കേബിള്‍-ഡിടിഎച്ച് സേവനദാതാക്കള്‍ തന്നെ അനുയോജ്യ പ്ലാന്‍ രൂപപ്പെടുത്തി നല്‍കണം. 

ഉപഭോക്താവ് സ്വന്തമായി ചാനലുകള്‍ തെരഞ്ഞെടുത്ത് നല്‍കിയാല്‍ അപ്പോള്‍ മുതല്‍ ആപ്ലാനുകള്‍ ലഭ്യമാക്കണം. സേവന ദാതാക്കള്‍ നല്‍കുന്ന അനുയോജ്യ പ്ലാന്‍ അവസാനിപ്പിക്കണമെന്നും ട്രായ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാനലുകള്‍ തെരഞ്ഞെടുത്ത് നല്‍കിയില്ല എന്ന കാരണത്താല്‍ ടിവി കാണല്‍ നിഷേധിക്കപ്പെടരുത് എന്നുറപ്പാക്കാനാണ് ഈ താല്‍ക്കാലിക പ്ലാന്‍ തയ്യാറാക്കാന്‍ സേവനദാതാക്കളെ അനുവദിച്ചിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com