ഡാറ്റ ചോര്‍ത്തിയാല്‍ കെട്ടുകെട്ടിക്കും; ഫേസ്ബുക്കിന് മുന്നറിയിപ്പുമായി ജര്‍മ്മനി

ജര്‍മ്മനി പുറപ്പെടുവിച്ച വിധി മറ്റ് രാജ്യങ്ങളും സ്വീകരിക്കാനുള്ള സാധ്യതകള്‍ വളരെയാണ്. 'എഗ്രീ' ബട്ടനുകളിലൂടെ ഉപഭോക്താവിനെ നിര്‍ബന്ധിച്ച് ഡാറ്റ സ്വന്തമാക്കുന്ന രീതി അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി 
ഡാറ്റ ചോര്‍ത്തിയാല്‍ കെട്ടുകെട്ടിക്കും; ഫേസ്ബുക്കിന് മുന്നറിയിപ്പുമായി ജര്‍മ്മനി

 ഫേസ്ബുക്കിന്റെ വിവരം ചോര്‍ത്തലിനെതിരെ നിലപാട് കടുപ്പിച്ച് ജര്‍മ്മനി. ഉപഭോക്താവിന്റെ അനുവാദമില്ലാതെ വിവരം ചോര്‍ത്തിയാല്‍ ഭീമമായ തുക പിഴയിനത്തില്‍ ഈടാക്കുമെന്നാണ് ജര്‍മ്മനി പാസാക്കിയ ചരിത്ര പ്രധാന്യമുള്ള വിധിയില്‍ പറയുന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ വ്യക്തികളുടെ സ്വകാര്യതയെ മാനിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്ന നിയമത്തില്‍ ഒരു വര്‍ഷമാണ് കമ്പനിക്ക് അനുവദിച്ചിരിക്കുന്നത്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തെറ്റിച്ചാല്‍ കമ്പനിയുടെ വാര്‍ഷിക വരുമാനത്തിന്റെ പത്ത് ശതമാനം പിഴയടയ്‌ക്കേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

ജര്‍മ്മനി പുറപ്പെടുവിച്ച വിധി മറ്റ് രാജ്യങ്ങളും സ്വീകരിക്കാനുള്ള സാധ്യതകള്‍ വളരെയാണ്. ഇങ്ങനെയാണെങ്കില്‍ ഫേസ്ബുക്കിന് വലിയ തിരിച്ചടിയാണ് ഉണ്ടാവാന്‍ പോകുന്നതെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു. 'എഗ്രീ' ബട്ടനുകളിലൂടെ ഉപഭോക്താവിനെ നിര്‍ബന്ധിച്ച് ഡാറ്റ സ്വന്തമാക്കുന്ന രീതി അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി മറ്റ് രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. 

ഉപഭോക്താവിനെ കബളിപ്പിച്ചാണ് വിവരം ചോര്‍ത്തുന്നതിനുള്ള 'സമ്മതം' കമ്പനി സ്വന്തമാക്കുന്നത്. ഇതിലൂടെ ഫേസ്ബുക്കില്‍ ഇല്ലാത്തവരുടെ പോലും വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നുണ്ടെന്നും ജര്‍മ്മനിയുടെ ആന്റി ട്രസ്റ്റ് വാച്ച്‌ഡോഗ് പറയുന്നു.വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ ഫേസ്ബുക്കുമായി ബന്ധിപ്പിക്കണമെങ്കിലും ഉപഭോക്താവിന്റെ സമ്മതം വാങ്ങണമെന്ന നിര്‍ദ്ദേശവും ജര്‍മ്മനി മുന്നോട്ട് വച്ചിട്ടുണ്ട്.ബ്രൗസിങ് ഹിസ്റ്ററി ശേഖരിച്ച് ഫേസ്ബുക്ക് അക്കൗണ്ടിനൊപ്പം ചേര്‍ക്കുന്നതിന് പുറമേയാണിത്. 

ഉപഭോക്താവ് സമ്മതം നല്‍കാതിരിക്കുകയോ, സമ്മതം നല്‍കിയ ശേഷം പിന്നീട് പിന്‍വലിച്ചാലോ ആ സമയത്ത് തന്നെ വിവര ശേഖരണം അവസാനിപ്പിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ ഫേസ്ബുക്കിന് വേണമെങ്കില്‍ അപ്പീല്‍ നല്‍കാമെന്നും ആന്റി ട്രസ്റ്റ് വ്യക്തമാക്കുന്നു. 23 ലക്ഷം ഉപയോക്താക്കളാണ് ഫേസ്ബുക്കിന് ജര്‍മ്മനിയില്‍മാത്രം ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com