വലിച്ചെറിയേണ്ട, കശുമാങ്ങയുടെ തലേവര മാറുന്നു; സോഡയുമായി കശുവണ്ടി  വികസന കോർപറേഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2019 09:08 PM  |  

Last Updated: 13th February 2019 09:08 PM  |   A+A-   |  

 

കൊല്ലം: കശുവണ്ടിയെടുത്ത ശേഷം തെങ്ങിൻ ചുവട്ടിലേക്ക് കശുമാങ്ങകൾ എറിഞ്ഞു കളഞ്ഞതൊക്കെ ഇനി മറന്നേക്കൂ. നല്ല ഉ​ഗ്രൻ സോഡയുമായാണ് കശുവണ്ടി വികസന കോർപറേഷന്റെ വരവ്. പറമ്പുകളിൽ പാഴായി പോകുന്ന കശുമാങ്ങയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചതോടെയാണ് കശുമാങ്ങ സോഡ  വിപണിയില്‍ എത്തിയത്. വലിച്ചെറിഞ്ഞ് കളയാതെ വിപണന സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് കോർപറേഷൻ പറയുന്നത്. 

കോർപറേഷന്റെ തോട്ടങ്ങളിൽ നിന്നും സംഭരിച്ച കശുമാങ്ങകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സോഡ നിർമ്മാണം നടത്തിയത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടയാണ് പുഴുങ്ങിയ കശുമാങ്ങകളിൽ നിന്ന് പഴച്ചാർ വേർതിരിച്ചെടുക്കുന്നത്. ഇത് പിന്നീട് സോഡയാക്കി മാറ്റുന്നു. സ്ത്രീകളാണ് സോഡ നിർമ്മിക്കുന്നത്. 

കൊട്ടിയത്താണ് നിലവിലെ കശുമാങ്ങ സോഡ നിർമ്മാണ യൂണിറ്റുള്ളത്. ക്രമേണേ ഇത് കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ആരംഭിക്കും. പത്ത് രൂപയ്ക്കാണ് കശുമാങ്ങ സോഡ വിപണിയിൽ എത്തിച്ചിരിക്കുന്നത്. സോഡയ്ക്ക് പുറമേ വൈനും ജാമും, ഐസ്ക്രീമുമെല്ലാം ഭാവിയിൽ പ്രതീക്ഷിക്കാമെന്നും കോർപറേഷൻ പറയുന്നു.