ഉപഭോക്തക്കളറിയാതെ ഗൂഗിളില്‍ രഹസ്യമൈക്ക്

ഉപഭോക്തക്കളറിയാതെ ഗൂഗിളില്‍ രഹസ്യമൈക്ക്

വീടുകളില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനായി ഗൂഗിള്‍ പുറത്തിറക്കിയ ഉപകരണമാണ് നെസ്റ്റ് ഗാര്‍ഡ്. എന്നാലിപ്പോള്‍ നെസ്റ്റ് ഗാര്‍ഡില്‍ രഹസ്യ മൈക്ക് ഉണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ് കമ്പനി. ഇതില്‍ ഒരു മൈക്രോഫോണ്‍  ഉണ്ടായിരുന്നു എന്നത് ഗൂഗിള്‍ പരസ്യമാക്കാത്ത കാര്യമായിരുന്നു.

അടുത്തിടെ, ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന ഗൂഗിള്‍ അസിസ്റ്റന്റ് ഫീച്ചര്‍ നെസ്റ്റ് ഗാര്‍ഡിന്റെ പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റില്‍ ലഭ്യമാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചപ്പോഴാണ്. അതില്‍ ഒരു മൈക്ക് ഒളിഞ്ഞിരുന്നിരുന്നു എന്നകാര്യം ഉപയോക്താക്കള്‍ അറിഞ്ഞത്. ഇതോടെ നിരവധിയാളുകള്‍ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ അറിയിച്ച് ട്വിറ്ററില്‍ രംഗത്തെത്തുകയും ചെയ്തു. 

ഇതേതുടര്‍ന്ന് മൈക്രോഫോണ്‍ ഉപകരണത്തില്‍ ഉണ്ടായിരുന്നു എന്നകാര്യം എവിടെയും വെളിപ്പെടുത്താതിരുന്നത് തെറ്റായി പോയി എന്ന് ഗൂഗിള്‍ പറഞ്ഞു. അത് രഹസ്യമായി സ്ഥാപിച്ചതായിരുന്നില്ല. മറ്റ് സവിശേഷതകള്‍ക്കൊപ്പം മൈക്രോഫോണ്‍ ഉള്ള കാര്യവും പറയേണ്ടതായിരുന്നു. അത് ഞങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായ പിഴവാണ് എന്ന് ഗൂഗിള്‍ പ്രതിനിധി പറഞ്ഞു. 

മൈക്ക് ഇതുവരെ ഓണ്‍ ആയിട്ടില്ലെന്നും ഉപയോക്താക്കള്‍ക്ക് മാത്രമേ അതിന് സാധിക്കുകയുള്ളൂ എന്നും ഗൂഗിള്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ഗ്ലാസ് പൊട്ടുന്നത് പോലുള്ള ശബ്ദങ്ങളും മറ്റും തിരിച്ചറിഞ്ഞുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഭാവിയില്‍ ഉള്‍പ്പെടുത്താമെന്നത് മുന്നില്‍ കണ്ടാണ് നെസ്റ്റ് ഗാര്‍ഡില്‍ മൈക്രോ ഫോണ്‍ ഉള്‍പ്പെടുത്തിയത്.

2014 ലാണ് ഗൂഗിള്‍ നെസ്റ്റ് വാങ്ങിയത്. 2015ല്‍ ആല്‍ഫബെറ്റിന് കീഴിലേക്ക് ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികളെ കൊണ്ടുവന്നപ്പോള്‍ നെസ്റ്റ് സ്വതന്ത്ര സ്ഥാപനമായി മാറി. എന്നാല്‍ 2018ല്‍ നെസ്റ്റിനെ വീണ്ടും ഗൂഗിളിനൊപ്പം ചേര്‍ക്കുകയും ചെയ്തു. ഇന്ന് നിരവധി ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഓടി) ഉല്‍പ്പന്നങ്ങള്‍ നെസ്റ്റില്‍ നിന്നും പുറത്തിറങ്ങുന്നുണ്ട്. സ്‌മോക്ക് ഡിറ്റക്റ്ററുകള്‍, വീഡിയോ ഡോര്‍ബെല്ലുകള്‍, സെക്യൂരിറ്റി ക്യാമറ എന്നിവയെല്ലാം നെസ്റ്റ് ഉല്‍പ്പന്നങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com