കേബിള്‍ ഉണ്ടെങ്കില്‍ ഇനി ഇന്റര്‍നെറ്റും വീട്ടിലെത്തും; കേബിള്‍ ടിവി ശൃഖലകളിലൂടെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st January 2019 11:25 AM |
Last Updated: 01st January 2019 11:31 AM | A+A A- |
കേബിള്‍ ടിവി ശൃഖലകളിലൂടെ ബ്രോഡ്ബാന്‍ഡ് സേവനങ്ങളും ലഭ്യമാക്കാന്‍ ഒരുങ്ങി ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയവും ട്രായിയും.രാജ്യത്തെ വിദൂര സ്ഥലങ്ങളിലേക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പ്രമേയം പുനരവതരിപ്പിക്കാന്‍ മന്ത്രാലയം ഒരുങ്ങുന്നത്.
ടിവിയുള്ള ഏകദേശം 19കോടി ഭവനങ്ങളിലേക്ക് ഉടന്‍തന്നെ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനുള്ള സാധ്യത ഇതിനുണ്ടെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നു. ഇതില്‍ ഏകദേശം 10കോടി വീടുകളില്‍ നിലവില്‍ കേബിള്‍ കണക്ഷന്‍ ഉള്ളതാണ്. ഇതുവഴി രാജ്യത്ത് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉയര്‍ത്താനാകും. നിലവില്‍ ഏഴ് ശതമാനമെന്നതില്‍ നിന്ന് ആഗോള ശരാശരിയായ 46ശതമാനത്തിലേക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉയര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് കേബിള്‍ ഓപറേറ്റര്‍മാരുമായി അടുത്തിടെ നടത്തിയ ചര്‍ച്ചയില്‍ ട്രായ് ചെയര്‍മാന്‍ ഐര്‍എസ് ശര്‍മ പറഞ്ഞിരുന്നു.
ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരു പുതിയ സെറ്റ് ടോപ് ബോക്‌സ് ഘടിപ്പിക്കുന്നത് മാത്രമാണ് കേബിളിനൊപ്പം ഇന്റര്‍നെറ്റും ലഭിക്കാനായി ചെയ്യേണ്ടിവരുന്നത്. സേവനദാതാക്കള്‍ക്ക് സാങ്കേതികതലത്തിലുള്ള ഏകീകരണത്തിനായി മന്ത്രാലയത്തിന്റെ എന്‍ജിനീയറിങ് വിഭാഗമായ ബിഇസിഐഎല്ലിന്റെ സഹായം ലഭ്യമാക്കും.
എന്നാല്‍ ടെലിക്കോം മന്ത്രാലയത്തിന് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന എജിആറില്‍ (ക്രമീകരിച്ച മൊത്തം വരുമാനം) വ്യത്യാസമുണ്ടാകും. എജിആര്‍ തുക വര്‍ദ്ധിക്കുമ്പോള്‍ തങ്ങളുടെ ബിസിനസിന് നഷ്ടമുണ്ടാക്കുമോ എന്ന ആശങ്കയാണ് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക്.