ഇലക്ട്രിക് വാഹനങ്ങള്‍ക്കുളള ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ആര്‍ക്കും തുടങ്ങാം, വീടുകളിലും ആകാം; നിരക്ക് അമിതമാവരുത്, മാര്‍ഗരേഖ പുറത്തിറക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2019 05:27 AM |
Last Updated: 04th January 2019 05:27 AM | A+A A- |

കൊച്ചി: പെട്രോള്‍ പമ്പുകള്‍ പോലെ വഴിയോരങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവൈദ്യുതി വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. ഇതിന് വിധേയമായി സംസ്ഥാന സര്‍ക്കാരും നടപടികളെടുക്കുന്നതോടെ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സംസ്ഥാനത്ത് വ്യാപകമാകും.
ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വൈദ്യുതി വിതരണ കമ്പനികള്‍ മുന്‍ഗണനാ ക്രമത്തില്‍ കണക്ഷന്‍ നല്‍കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കണക്ഷന്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കുകയും സൗകര്യങ്ങള്‍ ഒരുക്കുകയും വേണം. 33/11 കെവി ലൈന്‍, ചാര്‍ജിങ് സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന് മാത്രമായി ട്രാന്‍സ്‌ഫോമര്‍, മീറ്റര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ സ്ഥാപിക്കണം. വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുളള കിയോസ്‌കുകളും ഒരുക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ആവശ്യമായ കെട്ടിടവും വാഹനങ്ങള്‍ കയറിയിറങ്ങാനുളള സൗകര്യവും എല്ലാതരം ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജ് ചെയ്യാനുളള സംവിധാനവും വേണം. സൗകര്യങ്ങളെല്ലാം ഒരുക്കിയാല്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറും സാങ്കേതിക വിദഗ്ധനും സാക്ഷ്യപ്പെടുത്തണം. പെട്രോള്‍ പമ്പുകളോട് അനുബന്ധിച്ചും ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഒരുക്കാം. രണ്ടിനുമിടയില്‍ സുരക്ഷാ മതില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സ്വന്തം വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ വീടുകളിലും ഓഫീസുകളിലും ചാര്‍ജിങ് സ്റ്റേഷന്‍ തുടങ്ങാമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് നല്‍കുന്ന വൈദ്യുതിക്ക് ഈടാക്കുന്ന നിരക്ക് തന്നെ ഗാര്‍ഹിക സംവിധാനത്തിനും ഈടാക്കും. ശരാശരി വൈദ്യുതി നിരക്കും അതിന്റെ 15 ശതമാനവും ചേരുമ്പോഴുളള തുകയില്‍ കൂടുന്നതാവരുത് ചാര്‍ജിങ് സ്‌റ്റേഷനുകളിലെ നിരക്കെന്നാണ് നിര്‍ദേശം.