ഈയം അടങ്ങിയ മാ​ഗി നമ്മൾ എന്തിന് കഴിക്കണം? നെസ്‌ലേ കമ്പനിയോട് സുപ്രീം കോടതി 

നെസ്‌ലേ കമ്പനിക്കെതിരെ കേന്ദ്രസർക്കാർ നല്‍കിയ 640 കോടി രൂപയുടെ കേസ് വീണ്ടും പരി​ഗണിച്ചപ്പോഴാണ് കോടതിയുടെ ഈ ചോദ്യം
ഈയം അടങ്ങിയ മാ​ഗി നമ്മൾ എന്തിന് കഴിക്കണം? നെസ്‌ലേ കമ്പനിയോട് സുപ്രീം കോടതി 

ന്യൂഡല്‍ഹി: ഈയം അടങ്ങിയ മാ​ഗി ജനങ്ങൾ എന്തിന് കഴിക്കണമെന്ന് നിര്‍മാതാക്കളായ നെസ്‌ലെയോട് സുപ്രീം കോടതി. നെസ്‌ലേ കമ്പനിക്കെതിരെ കേന്ദ്രസർക്കാർ നല്‍കിയ 640 കോടി രൂപയുടെ കേസ് വീണ്ടും പരി​ഗണിച്ചപ്പോഴാണ് കോടതിയുടെ ഈ ചോദ്യം. നെസ്‌ലേ ഉത്പന്നമായ മാഗി നൂഡില്‍സില്‍ ആരോഗ്യത്തിനു ഹാനികരമായ ഈയത്തിന്റെ അംശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനിക്കെതിരെ കേന്ദ്ര സർക്കാർ കോടതിയെ സമീപിച്ചത്.

നെസ്‌ലേയുടെ വ്യാജ ലേബലിങ്ങ്,  തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, അധാര്‍മ്മികമായ വ്യാപാര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കെതിരെ സർക്കാർ ദേശീയ ഉപഭോക്തൃ പരിഹാര കമ്മീഷനില്‍ നല്‍കിയ കേസാണ് സുപ്രീം കോടതി വീണ്ടും പരി​ഗണിച്ചത്. മാഗി നൂഡില്‍സിന്റെ സാമ്പിള്‍ മൈസൂരിലെ സെന്‍ട്രല്‍ ഫുഡ്‌ ടെക്‌നോളജീസ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിൽ പരിശോധിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടാണ് ഇന്നലെ ജസ്‌റ്റിസുമാരായ ചന്ദ്രചൂഡും ഹേമന്ദ്‌ ഗുപ്‌തയും അടങ്ങിയ ബെഞ്ച്‌ പരിഗണിച്ചത്‌.

മാഗിയില്‍ ഈയം അനുവദനീയമായ അളവിലേ അടങ്ങിയിട്ടുള്ളൂവെന്ന് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ടെന്ന് നെസ്‌ലെ ഇന്ത്യയുടെ അഭിഭാഷകന്‍ അഭിഷേക്‌ മനു സിങ്‌വി ചൂണ്ടിക്കാട്ടിയപ്പോഴാണു ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്‌ ഇങ്ങനെ ചോദിച്ചത്‌. കേസ് കോടതി ദേശീയ ഉപഭോക്‌തൃ തര്‍ക്കപരിഹാര കമ്മിഷന്റെ തീര്‍പ്പിനു വിട്ടു. ഉപഭോക്‌തൃ കമ്മിഷന്റെ മുന്നിലുള്ള കേസില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കുന്നതു ശരിയല്ല. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കമ്മിഷന്‍തന്നെ തീരുമാനമെടുക്കട്ടെയെന്നാണ് കോടതി തീരുമാനിച്ചത്. 

കേസ്‌ ഉപഭോക്‌തൃ കമ്മിഷനുതന്നെ കൈമാറണമെന്നായിരുന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത്‌ ബാനര്‍ജിയുടെ ആവശ്യം. നടപടികള്‍ക്കുള്ള സ്‌റ്റേ പിന്‍വലിക്കണമെന്നുമായിരുന്നു ആവശ്യമുന്നയിച്ചിരുന്നു. ലാബ്‌ പരിശോധനയില്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റി(എം.എസ്‌.ജി)ന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നു അതിനാല്‍ കേസിനു പ്രസക്‌തിയില്ലെന്നും സിങ്‌വി വാദിച്ചു. ഈ വാദം തള്ളിയ കോടതി, കേസ്‌ കമ്മിഷനു വിട്ടുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com