ഖുര്‍ആന്‍ വചനങ്ങളെഴുതിയ ചവിട്ടി ഓണ്‍ലൈനായി വിറ്റു; മാപ്പ് ചോദിച്ച് ആമസോണ്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2019 10:45 PM |
Last Updated: 08th January 2019 10:45 PM | A+A A- |

ഖുര്‍ആന്‍ വചനങ്ങളെഴുതിയ ചവിട്ടികള്‍ ഓണ്‍ലൈനായി വിറ്റതില്‍ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ മാപ്പു ചോദിച്ചു. ഇസ്ലാം മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതികള്‍ വ്യാപകമായി ഉയര്‍ന്നതോടെയാണ് ഉത്പന്നം വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. പരസ്യമായ ഖേദപ്രകടനവും കമ്പനി നടത്തി.
കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ - ഇസ്ലാമിക് റിലേഷന്‍സ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ ഉത്പന്നം വിപണിയില്‍ നിന്നും നീക്കം ചെയ്തത്.
എല്ലാ മതവിശ്വാസങ്ങളെയും കമ്പനി ബഹുമാനിക്കുന്നുവെന്നും ആമസോണിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നും, ഖേദിക്കുന്നുവെന്നും ആമസോണ്‍ തലവന്‍ ജെഫ് ബേസോസ് കുറിപ്പില്‍ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കമാണ് മാറ്റില്‍ ഉണ്ടായിരുന്നത് എന്ന് അറിയില്ലായിരുന്നുവെന്നും മേലില്‍ ആവര്‍ത്തിക്കാതെ സൂക്ഷിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഖുര്‍ആന്‍ വചനങ്ങളെ അങ്ങേയറ്റം പവിത്രമായാണ് വിശ്വാസികള്‍ കാണുന്നതെന്നും കാല് ചവിട്ടുന്നതിനായി അത്തരം മാറ്റുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ലെന്നും പരാതി നല്‍കിയ മുസ്ലിം സംഘടനയായ കെയര്‍ പറഞ്ഞു. സ്‌പെയിനിലെ അല്‍ ഹംബ്ര പാലസിലെ ടോയ്‌ലറ്റ് സീറ്റ് കവറില്‍ ഖുര്‍ആന്‍ വചനങ്ങളുടെ കാലിഗ്രഫി പ്രത്യക്ഷപ്പെട്ടതിനെതിരെയും കെയര്‍ പരാതിപ്പെട്ടിരുന്നു.