ഡിജിറ്റല്‍ പണമിടപാട്: നന്ദന്‍ നിലേക്കനി ആര്‍ബിഐ സമിതി ചെയര്‍മാന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 08th January 2019 04:40 PM |
Last Updated: 08th January 2019 04:42 PM | A+A A- |
ന്യൂഡല്‍ഹി: രാജ്യത്തെ പണമിടപാടുകളുടെ ഡിജിറ്റല്‍വത്കരണം സംബന്ധിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് രൂപീകരിച്ച പ്രത്യേക സമിതിയുടെ ചെയര്‍മാനായി ഇന്‍ഫോസിസിന്റെ സഹ സ്ഥാപകന്‍ നന്ദന്‍ നിലേക്കനിയെ നിയോഗിച്ചു. ഡിജിറ്റല്‍ പണമിടപാടുകള്‍ നിയന്ത്രിക്കാന്‍ പ്രത്യേക ഏജന്‍സിക്ക് രൂപം നല്‍കണമെന്ന ഉന്നതതലസമിതിയുടെ ശുപാര്‍ശയുടെ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നീക്കം.
രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇതിനൊടൊപ്പം തട്ടിപ്പുകളും കൂടി വരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഡിജിറ്റല്‍ പണമിടപാടുകളുടെ സ്വഭാവം തിരിച്ചറിയാന്‍ നന്ദന്‍ നിലേക്കനിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിക്ക് റിസര്‍വ് ബാങ്ക് രൂപം നല്‍കിയത്.
ഡിജിറ്റല്‍ പണമിടപാടുകളെ നിയന്ത്രിക്കാന്‍ സ്വതന്ത്ര സംവിധാനം രൂപീകരിക്കണമെന്നാണ് മുന്‍ ധനകാര്യ സെക്രട്ടറി രത്തന്‍ വാത്തല്‍ അധ്യക്ഷനായുളള ഉന്നതതല സമിതി ശുപാര്‍ശ ചെയ്തത്. ഡിജിറ്റല്‍ പണമിടപാടുകള്‍ നിയന്ത്രിക്കാന്‍ പേയ്‌മെന്റ് റെഗുലേറ്ററി ബോര്‍ഡിന് രൂപം നല്‍കണമെന്നതായിരുന്നു ശുപാര്‍ശ. ആര്‍ബിഐയുടെ കീഴില്‍ രൂപീകരിക്കുന്ന സംവിധാനത്തില്‍ ആര്‍ബിഐയുടെ പുറത്തുളള അംഗങ്ങളെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യണമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആധാര്‍ കാര്‍ഡ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് നന്ദന്‍ നിലേക്കനി. സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുടെ ചെയര്‍മാന്‍ പദവി വഹിച്ചുകൊണ്ടായിരുന്നു ആധാര്‍ തിരിച്ചറിയല്‍ രേഖയായി മാറ്റുന്നതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിച്ചത്.