ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് ടാക്‌സ് വേണ്ട; ശുപാര്‍ശയുമായി നീതി ആയോഗ് 

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍, ഇവയെ റോഡ് ടാക്‌സില്‍ നിന്ന് ഒഴിവാക്കണമെന്ന് നീതി ആയോഗ് ശുപാര്‍ശ
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് ടാക്‌സ് വേണ്ട; ശുപാര്‍ശയുമായി നീതി ആയോഗ് 

ന്യൂഡല്‍ഹി:  ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍, ഇവയെ റോഡ് ടാക്‌സില്‍ നിന്ന് ഒഴിവാക്കണമെന്ന് നീതി ആയോഗ് ശുപാര്‍ശ. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അറിയിച്ചു. 

നിലവില്‍ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിരക്കാണ് റോഡ് ടാക്‌സായി ഈടാക്കുന്നത്.വ്യത്യസ്ത വിലയുളള വാഹനങ്ങളുടെ റോഡ് ടാക്‌സും ഭിന്നമാണ്. കഴിഞ്ഞ വര്‍ഷം റോഡ് ടാക്‌സ് 12 ശതമാനമായി ഏകീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്ത് ഒറ്റ നികുതി ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്.

ഇലക്ട്രിക് വാഹനങ്ങളുടെ വില മറ്റു വാഹനങ്ങള്‍ക്ക് തുല്യമായി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടികള്‍ സ്വീകരിച്ചുവരുന്നതെന്ന് അനില്‍ കാന്ത് പറഞ്ഞു. ഭാവിയില്‍ ഫോസില്‍ ഇന്ധനത്തെ ആശ്രയിച്ചുളള വാഹനങ്ങള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകും. പകരം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകള്‍ കീഴടക്കും. നിലവിലുളള എണ്ണവിതരണ കമ്പനികളുടെ പേര് തന്നെ ഊര്‍ജ കമ്പനികള്‍ എന്ന തരത്തിലേക്ക് മാറുമെന്നും അനില്‍ കാന്ത് പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുളള സംവിധാനം സ്ഥാപിക്കാന്‍ പൊതുമേഖല എണ്ണവിതരണ കമ്പനികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ധാരണ. നേരത്തെ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കുമേല്‍ സെസ് ചുമത്തണമെന്ന നീതി ആയോഗിന്റെ നിര്‍ദേശത്തിന് വാഹനവിപണിയില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com