ഇനി വഴിയിൽ തടയില്ല ; വാഹനരേഖകളും നിയമലംഘനങ്ങളും കണ്ടെത്താൻ ചാരക്കണ്ണുമായി മോട്ടോർ വാഹന വകുപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2019 10:43 AM |
Last Updated: 12th January 2019 10:43 AM | A+A A- |

കൊച്ചി : വഴിയില്‍ തടഞ്ഞുള്ള വാഹന പരിശോധന മോട്ടോര്‍ വാഹനവകുപ്പ് അവസാനിപ്പിക്കുന്നു. പകരം ഹൈടെക് ഉപകരണവുമായി വാഹന തട്ടിപ്പുകാരെയും നിയമലംഘകരെയും പൂട്ടാനുള്ള ഒരുക്കത്തിലാണ് വകുപ്പ്. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നിഷന്‍ സംവിധാനമുള്ള 17 ഇന്റര്‍സെപ്റ്റര്‍ വണ്ടികളാണ് മോട്ടോര്‍ വാഹനവകുപ്പ് നിരത്തിലിറക്കുന്നത്. വാഹനങ്ങളുടെ സമഗ്ര വിവരങ്ങളും നൽകാൻ ശേഷിയുള്ള ചാരക്കണ്ണുള്ള ഉപകരണമാണ് ഇതിന്റെ സവിശേഷത.
റോഡിലൂടെ എത്ര വേഗത്തിൽ പോകുന്ന വാഹനങ്ങളുടെയും നമ്പര്‍ പ്ലേറ്റ് ക്യാമറയിലൂടെ ഒപ്പിയെടുത്ത് വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കുന്ന കംപ്യൂട്ടര്‍ സംവിധാനമാണിത്. വാഹനത്തിന്റെ പഴക്കം, ഇന്‍ഷുറന്‍സ് ഉണ്ടോ, അപകടമുണ്ടാക്കിയതാണോ, കേസില്‍പ്പെട്ടതാണോ തുടങ്ങി വാഹനം സംബന്ധിച്ച എല്ലാ വിവരവും കിട്ടും. മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹന ഡേറ്റാ ബേസ് അടിസ്ഥാനമാക്കിയാണ് സംവിധാനം പ്രവര്‍ത്തിക്കുക.
വാഹനത്തിന്റെ നമ്പര്‍ പ്രത്യേകമായി രേഖപ്പെടുത്തിയാല്‍ അത് ഉടൻ തന്നെ വിവരം അധികൃതര്‍ക്ക് കൈമാറും. അതിവേഗതയും ഗതാഗതനിയമം തെറ്റിക്കലുമെല്ലാം മുമ്പ് ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ച് കണ്ടെത്തിയിരുന്നു. അതിനൊപ്പമാണ് ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നിഷന്‍ സംവിധാനം കൂടി ഏര്‍പ്പെടുത്തുന്നത്.
മോഷ്ടിച്ച വാഹനവും കാലഹരണപ്പെട്ട വാഹനവും വ്യാജരേഖകളുള്ള വാഹനവും തടഞ്ഞുനിര്‍ത്താതെ കണ്ടെത്താനാകുമെന്നതാണ് സംവിധാനത്തിന്റെ മേന്മ. പുതിയതായി ഇറക്കുന്ന 17 ഇന്റര്‍സെപ്റ്ററിലാണ് ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നിഷന്‍ സംവിധാനം സ്ഥാപിക്കുക. ഇതിനായുള്ള ടെന്‍ഡര്‍ നടപടിയായി. പദ്ധതി ഒരുമാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാകുമെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.
പുതിയ സംവിധാനം നടപ്പിലാക്കുന്നത് പൊലീസിനും ഏറെ ഗുണകരമാണ്. ഇതുവഴി കള്ളക്കടത്തും തട്ടിക്കൊണ്ടുപോകലുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ വാഹനത്തിന്റെ നമ്പര്‍ കിട്ടിയാല്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കാതെ തന്നെ കണ്ടെത്താനാകും.