കൊച്ചിയിലെ നിരത്തുകള്‍ കീഴടക്കാന്‍ ഇനി ഇലക്ട്രിക് ബസുകള്‍; കൂട്ടായ്മയുമായി സ്വകാര്യബസുകള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th January 2019 05:06 AM |
Last Updated: 15th January 2019 05:06 AM | A+A A- |

കൊച്ചി: കൊച്ചിയുടെ നിരത്തുകള്‍ കീഴടക്കാന്‍ ഇലക്ട്രിക് ബസുകള്‍ വരുന്നു. സ്വകാര്യബസുകളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇലക്ട്രിക് ബസുകള്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്.ഈ ലക്ഷ്യത്തോടെ കൊച്ചി ഇ-ബസ് ലിമിറ്റഡ് എന്ന കൂട്ടായ്മ രൂപവത്കരിക്കും.
നിലവില്‍ കൊച്ചിയില്‍ സര്‍വീസ് നടത്തുന്ന മെട്രോ ബസ് കമ്പനികളുടെ കൂട്ടായ്മയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കൊച്ചി മെട്രോയുടെ ഭാഗമായി സ്വകാര്യബസുകാര്‍ ചേര്‍ന്ന് രൂപവത്കരിച്ച ഏഴ് കമ്പനികളുണ്ട്. 1000 ബസുകളാണ് ഇവര്‍ക്ക് കീഴിലുളളത്.
കൊച്ചി ഇ-ബസ് ലിമിറ്റഡ് രൂപവത്കരണത്തിന് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സിഇഒയെ നിയമിച്ചു. സര്‍ക്കാര്‍ പിന്തുണയോടെ സിയാല്‍ മാതൃകയിലുളള കമ്പനിയാണ് ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ സര്‍ക്കാരിന് 51 ശതമാനം ഓഹരിയുണ്ടാകും. ശേഷിക്കുന്ന ഓഹരി ബസ് കൂട്ടായ്മയുടെ കൈവശമായിരിക്കും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ സഹായത്തോടെ ഇലക്ട്രിക് ബസ് നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ തുടങ്ങി. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഡീസല്‍ബസുകള്‍ക്ക് പകരം ഇലക്ട്രിക് ബസുകളെത്തും.