ഒറ്റ ദിവസത്തിനുളളില്‍ റീഫണ്ട്, ഒരുമാസത്തിനുളളില്‍ റിട്ടേണ്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും; ആദായനികുതിയില്‍ അടിമുടി പരിഷ്‌കാരവുമായി സര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2019 02:54 PM |
Last Updated: 17th January 2019 02:54 PM | A+A A- |

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള നടപടിക്രമങ്ങള്‍ കൂടുതല്‍ ലഘൂകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അടുത്ത വര്‍ഷം പൂര്‍ണതോതില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന 4242 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
നിലവില്‍ റിട്ടേണ്‍ സമര്‍പ്പിച്ചതിന് ശേഷമുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശരാശരി 63 ദിവസം വരെ സമയമെടുക്കുന്നുണ്ട്. ഇത് ലഘൂകരിച്ച് നികുതിദായകന് കൂടുതല്‍ സേവനം ലഭ്യമാക്കാനാാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നികുതിദായകന് ഒരു ദിവസം കൊണ്ട് റീഫണ്ട് സാധ്യമാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യം നല്‍കാനും സര്‍ക്കാരിന് പരിപാടിയുണ്ട്. അതേസമയം 30 ദിവസത്തിനുളള റിട്ടേണ്‍ സമര്‍പ്പിച്ചതിന് ശേഷമുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥന് പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുളള നടപടികളും സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രമുഖ സോഫറ്റ് വെയര്‍ കമ്പനിയായ ഇന്‍ഫോസിസ് ആയിരിക്കും പദ്ധതി പൂര്‍ത്തിയാക്കുക. 15 മാസത്തിനകം ഇന്‍ഫോസിസ് പദ്ധതിയുടെ നടപടികള്‍ പൂര്‍ത്തിയാക്കും. പുതിയ പരിഷ്‌കാരം അനുസരിച്ച് നികുതിദായകരുടെ അടിസ്ഥാനവിവരങ്ങള്‍ ഉള്‍ക്കൊളളുന്ന ഫോമുകള്‍ അവരുടെ ആദായനികുതി അക്കൗണ്ടില്‍ ലഭ്യമാക്കും. നികുതി ദായകന്റെ പേര്, പാന്‍ നമ്പര്‍, മറ്റ് വിവരങ്ങള്‍ എന്നിവയാണ് ആദായനികുതി വകുപ്പ് നേരത്തെ തയ്യാറാക്കിയ അപേക്ഷ ഫോറങ്ങളില്‍ ഉണ്ടാവുക. പുതിയ സംവിധാനം യാഥാര്‍ത്ഥ്യമായാല്‍ നികുതിദായകര്‍ക്ക് റിട്ടേണ്‍ എളുപ്പം സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു.