ഗ്രൂപ്പില്‍ മറ്റാരും കാണാതെ ചുട്ടമറുപടി കൊടുക്കാം, സ്‌റ്റോറി മുഴുവന്‍ കാണാതെ പ്രിവ്യൂ; കാത്തിരുന്ന ഒരുപിടി ഫീച്ചറുകളുമായി വാട്ട്‌സ് ആപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2019 06:05 AM |
Last Updated: 17th January 2019 06:05 AM | A+A A- |

കൂടുതല്‍ ജനകീയമാക്കാന്‍ ഓരോ ദിവസവും പുതിയ ഫീച്ചറുകള്‍ പുറത്തിറക്കി വാര്‍ത്തകളില്‍ ഇടം നേടുകയാണ് പ്രമുഖ സാമൂഹ്യമാധ്യമമായ വാട്ട്‌സ് ആപ്പ്. ഉപയോക്താക്കള്‍ ഏറെ കാത്തിരുന്ന മറ്റൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചാണ് വാട്ട്‌സ് ആപ്പ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ഗ്രൂപ്പ് ചാറ്റുകള്‍ക്കിടെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സ്വകാര്യ സന്ദേശങ്ങളയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് വാട്ട്‌സ് ആപ്പ് അവതരിപ്പിച്ച ഫീച്ചറുകളില്‍ ഒന്ന്.ആപ്പിള്‍ ഐഒഎസിന്റെ പുതിയ പതിപ്പിലാണ് ഈ സൗകര്യം ലഭിക്കുക.
വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറുകളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാറുള്ള വാട്‌സാപ് ബീറ്റാ ഇന്‍ഫോ എന്ന വെബ്‌സൈറ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്. റിപ്ലൈ പ്രൈവറ്റ്‌ലി എന്നാണ് ഈ ഫീച്ചറിന് പേര്. വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ അയക്കുന്ന ആളുകള്‍ക്ക് സ്വകാര്യ സന്ദേശങ്ങള്‍ അയക്കാന്‍ ഇതുവഴി കഴിയും.
ഈ ഫീച്ചര്‍ ഉപയോഗിക്കുന്നത് വഴി സന്ദേശം ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് ലഭിക്കുകയുമില്ല. ആന്‍ഡ്രോയിഡ് ഒഎസില്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇതുകൂടാതെ ഐഒഎസ് ഉപയോക്താക്കള്‍ക്ക് വിഡിയോ, ഫോട്ടോ എഡിറ്റിങ്ങിനിടെ സ്റ്റിക്കറുകള്‍ ചേര്‍ക്കാനും കഴിയും.ത്രി ഡി ടച്ച് ഫീച്ചറും പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഒരു കോണ്‍ടാക്റ്റിലെ സ്റ്റാറ്റസോ സ്‌റ്റോറിയോ മുഴുവനായി കാണാതെ പ്രിവ്യൂ കാണാന്‍ സാധിക്കും.