ഡീലര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് വ്യാജപരസ്യം, ലക്ഷങ്ങള്‍ നഷ്ടപ്പെട്ട് നിരവധിപ്പേര്‍: ഗൂഗിളിനെതിരെ അമുല്‍ നോട്ടീസ് നല്‍കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2019 05:51 PM |
Last Updated: 17th January 2019 05:51 PM | A+A A- |

അഹമ്മദാബാദ്: അമുലിന്റെ പേരില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തി എന്ന് ആരോപിച്ച് ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഗൂഗിളിനെതിരെ നോട്ടീസ് നല്‍കി. ഗൂഗിളിനു പുറമെ സ്വകാര്യ വെബ്‌സൈറ്റ് സേവനദാതാക്കളായ ഗോ ഡാഡി.കോമിനെതിരെയും അമുല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഗൂഗിള്‍ പ്ലാറ്റ് ഫോം ഉപയോഗിച്ച് ചില വ്യക്തികളും സംഘടനകളും അമുലിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് ജനുവരി 10നാണ് കമ്പനി നോട്ടീസ് നല്‍കിയത്. ഗൂഗിള്‍ സെര്‍ഞ്ച് പരസ്യ ക്യാംപെയിനുകള്‍ ദുരുപയോഗം ചെയ്ത് സത്യസന്ധരായ ആളുകളെ ചതിക്കുഴിയില്‍ വീഴ്ത്തി തട്ടിപ്പ് നടത്തി എന്നതാണ് കമ്പനിയുടെ ആരോപണം. ഇത് ഗൂഗിളിന് നേട്ടമുണ്ടാക്കിയതായും നോട്ടീസില്‍ പറയുന്നു.
അമുലിന്റെ പേരില്‍ നിരവധി വ്യാജ ബിസിനസ് ടു ബിസിനസ് പ്രചാരണങ്ങള്‍ നടത്തി. ഇതിനായി ഗൂഗിള്‍ പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തി. 2018 സെപ്റ്റംബര്‍ മുതല്‍ വ്യാജ വെബ്‌സൈറ്റുകള്‍ മുഖാന്തിരം ഗൂഗിള്‍ സെര്‍ഞ്ച് പരസ്യങ്ങള്‍ ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ് എന്നും നോട്ടീസില്‍ പറയുന്നു.
അമുലിന്റെ ഡീലര്‍ഷിപ്പ് വാഗ്ദാനം ചെയ്തുള്ള വ്യാജ പരസ്യങ്ങളാണ് ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത്. മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപയ്ക്ക് വരെ ഡീലര്‍ഷിപ്പ് നല്‍കുമെന്നായിരുന്നു പരസ്യത്തിലെ വാഗ്ദാനം. പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗൂഗിളിനെതിരെ പരാതി നല്‍കുകയായിരുന്നുവെന്ന് ജി.സി.എം.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ആര്‍.എസ് സോദി പറഞ്ഞു.