സോഷ്യല്‍ മീഡിയ പാസിവ് സ്‌മോക്കിങ് പോലെ; കൂട്ടുകാര്‍ മതി, വിവരം ചോരും!
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2019 12:54 PM |
Last Updated: 22nd January 2019 12:54 PM | A+A A- |
ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ വിവരം ചോര്‍ത്തുന്നത് തടയാന്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തിട്ട് കാര്യമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കൂടെ നടക്കുന്ന സുഹൃത്തുക്കള്‍ നിങ്ങളും അവരുമറിയാതെ നിങ്ങളുടെ സ്വകാര്യതകള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുകയാണ്! വിശ്വസിച്ചേ മതിയാവൂ എന്നാണ് തെളിവ് സഹിതമുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കിലും നിങ്ങളെ കുറിച്ചുള്ള 95 ശതമാനം കാര്യങ്ങളും അറിയാന്‍ സുഹൃത്തിന്റെ ടൈംലൈന്‍ തന്നെ ധാരാളമാണ്. നിങ്ങള്‍ ഭാവിയില്‍ എന്ത് ചെയ്യുമെന്ന് വരെ ഈ വിവരങ്ങള്‍ കൊണ്ട് പ്രവചിക്കാനും സാധിക്കുമെന്ന ഞെട്ടിക്കുന്ന കണ്ടെത്തലും റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുണ്ട്. സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും പോസ്റ്റുകളിലൂടെയും 50 ശതമാനം കാര്യങ്ങളും കണ്ടെത്താമെന്നും അവരുടെ പോസ്റ്റുകളെ കൃത്യമായി നിരീക്ഷിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യുന്നുവെന്ന് കണ്ടെത്തുക എളുപ്പമാണെന്നും ഗവേഷക സംഘം പറയുന്നു.
സമൂഹമാധ്യമങ്ങളിലെ നിങ്ങളുടെ സുരക്ഷ നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെ മാത്രം ആശ്രയിച്ചുള്ളതാണ്. ട്വിറ്ററിലെ മൂന്ന് കോടിയോളം പബ്ലിക് ട്വീറ്റുകളെ വിശദമായ പഠനത്തിന് വിധേയമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ നിന്നും ഒരു വ്യക്തിയുടെ എട്ടോ, ഒന്‍പതോ സുഹൃത്തുക്കളുടെ പോസ്റ്റുകളില്‍ നിന്നും അയാളെ കുറിച്ചുള്ള 90 ശതമാനം വിവരങ്ങളും അറിയാന്‍ സാധിക്കും. നിങ്ങള്‍ സമൂഹമാധ്യമത്തില്‍ സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ വിവരങ്ങള്‍ക്ക് പുറമേ കൂട്ടുകാരന്റെ/ കാരിയുടെ വിവരങ്ങളും ചോര്‍ത്തുന്നുണ്ടെന്ന് സാരം.
സമൂഹമ മാധ്യമത്തില്‍ നിന്നും മറഞ്ഞിരിക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ലെന്നും സ്വകാര്യത എന്നത് വ്യക്തിയുടെ മാത്രം തിരഞ്ഞെടുപ്പുകളില്‍ ഒതുങ്ങുന്നില്ലെന്നുമാണ് പഠനത്തില്‍ പറയുന്നത്.