മുഖ്യമന്ത്രിയുടെ മൊബൈല്‍ നമ്പര്‍ വരെ വ്യാജമായി സൃഷ്ടിക്കാം; ഭീഷണിയായി ഗൂഗിള്‍ പ്ലേസ്റ്റോറിലെ ആപ്ലിക്കേഷന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th January 2019 05:38 AM |
Last Updated: 24th January 2019 05:38 AM | A+A A- |

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പറില്‍ നിന്ന് നിങ്ങളുടെ ഫോണിലേക്ക് കോള്‍ വരുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ. അതൊന്നും നടക്കില്ല എന്നാണ് ചിന്തയെങ്കില്‍ തെറ്റി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുള്ള ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മറ്റുള്ളവരുടെ നമ്പറുകള്‍ വ്യാജമായി നിര്‍മിച്ച് അതില്‍ നിന്ന് ഫോണ്‍വിളിക്കാന്‍ സാധിക്കും.
ഇത്തരത്തിലുള്ള വ്യാജ നമ്പറുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ആപ്പുകള്‍ വ്യാപകമാവുകയാണ്. പ്ലേസ്റ്റോറിലൂടെ ലഭ്യമാകും എന്നതാണ് ഇത്തരം ആപ്പുകള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. അപ്ലിക്കേഷനില്‍ മറ്റൊരാളുടെ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് വിളിക്കുന്ന കോളുകളെല്ലാം ആ നമ്പറില്‍ നിന്നാണ് പോവുക. നമ്മള്‍ അറിയാതെ തന്നെ നമ്മുടെ നമ്പര്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.
കോള്‍ ചെയ്യുന്നത് ഇന്റര്‍നെറ്റ് വഴിയായതിനാല്‍ തട്ടിപ്പുനടത്തുന്നയാളെ കണ്ടുപിടിക്കുന്നതും എളുപ്പമല്ല. ഐപി സ്പൂഫിങ് അടക്കം അറിയാവുന്നയാള്‍ക്ക് പിടിക്കപ്പെടുമെന്ന ഭയമില്ലാതെ എന്തും ചെയ്യാനും കഴിയും. സാധാരണ പരിശോധനകള്‍ക്ക് ശേഷമാണ് ആപ്ലിക്കേഷനുകള്‍ക്ക് അനുമതി നല്‍കാറുള്ളത്. എന്നാല്‍ വലിയ സുരക്ഷാഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുള്ള ആപ്പുകള്‍ ഇപ്പോഴും പ്ലേസ്‌റ്റോറില്‍ സുലഭമാണെന്നാണ് ഐടി വിദഗ്ദര്‍ പറയുന്നു. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ഉപയോഗിച്ചാണ് ഇത്തരം ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം. എന്നാല്‍ ഇതിനെതിരേ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.