ഭാവിയില്‍ വാട്ട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് ഉപയോഗം ചെലവേറിയതാകാം: ലൈസന്‍സ് ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങി ട്രായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2019 05:57 AM |
Last Updated: 30th January 2019 05:57 AM | A+A A- |
ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമങ്ങളായ വാട്ട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, സ്‌കൈപ് തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുളള നീക്കങ്ങളുമായി ടെലികോം റഗുലേറ്ററി അതോറിറ്റി . ഇവയെ ഓവര്‍ ദ് ടോപ് (ഒടിടി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായി, ശുപാര്‍ശകള്‍ സ്വരൂപിക്കാനുള്ള നീക്കം ട്രായ് ആരംഭിച്ചു. ഫെബ്രുവരി അവസാനത്തോടെ ശുപാര്‍ശകള്‍ ക്രോഡീകരിച്ചു സര്‍ക്കാരിനു സമര്‍പ്പിക്കാനാണു നീക്കം.
മൊബൈല്‍ സേവനദാതാക്കള്‍ക്കു സമാനമായി മെസേജിങ്- കോളിങ് സേവനങ്ങള്‍ നല്‍കുന്ന ആപ്ലിക്കേഷനുകളെയെല്ലാം ഒടിടിയുടെ പരിധിയില്‍ എത്തിക്കുമെന്നാണു സൂചന. ഇതിനു പുറമെ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ െ്രെപം തുടങ്ങിയ വിഡിയോ സേവനദാതാക്കളെയും ഇതില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്കു പ്രത്യേക ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നത് ഉള്‍പ്പെടെയുള്ള ശുപാര്‍ശകളാണു ട്രായ് പരിഗണിക്കുന്നത്.
ടെലികോം സേവനദാതാക്കള്‍ക്കു ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്ന വാദവുമായി മൊബൈല്‍ സേവനദാതാക്കളുടെ കൂട്ടായ്മയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) രംഗത്തെത്തിയിട്ടുണ്ട്. മൊബൈല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ വലിയ ലൈസന്‍സ് നിരക്കും നികുതിയും നല്‍കുമ്പോള്‍ ഒടിടി രംഗത്തുള്ളവര്‍ക്ക് ഇതൊന്നും ഈടാക്കുന്നില്ല. ഡേറ്റ നിരക്കു കുറഞ്ഞതോടെ ഒടിടി കമ്പനികള്‍ വന്‍ നേട്ടമുണ്ടാക്കുന്നതായും ഇവര്‍ പറയുന്നു.
അതേസമയം, ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും (ഐഎഎംഎഐ) ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറവും ഇതിനെ എതിര്‍ക്കുന്നു. മൊബൈല്‍ സേവനദാതാക്കളെയും ഒടിടിയെയും ഒരേ തരത്തില്‍ പരിഗണിക്കാനാവില്ലെന്നും സാങ്കേതികമായി രണ്ടു ദിശകളില്‍ നില്‍ക്കുന്നവയാണിതെന്നും ഇവര്‍ പറയുന്നു.