ടിക് ടോകിലൂടെ കേരളത്തിന്റെ സൗന്ദര്യം ആസ്വദിച്ചത് പത്തരക്കോടി ആളുകൾ; ടൂറിസം വകുപ്പിന്റെ ശ്രമം വിജയത്തിലേക്ക്

ഏറെ ജനപ്രീതിയുള്ള ടിക് ടോകിലും ഫെയ്സ്ബുക്കിലും കാഴ്ചകള്‍ നിറച്ച് വളരാനുള്ള സംസ്ഥാന വിനോദ സഞ്ചാര വികസന വകുപ്പിന്റെ ശ്രമം വിജയത്തിലേക്ക്
ടിക് ടോകിലൂടെ കേരളത്തിന്റെ സൗന്ദര്യം ആസ്വദിച്ചത് പത്തരക്കോടി ആളുകൾ; ടൂറിസം വകുപ്പിന്റെ ശ്രമം വിജയത്തിലേക്ക്

കൊച്ചി: ഏറെ ജനപ്രീതിയുള്ള ടിക് ടോകിലും ഫെയ്സ്ബുക്കിലും കാഴ്ചകള്‍ നിറച്ച് വളരാനുള്ള സംസ്ഥാന വിനോദ സഞ്ചാര വികസന വകുപ്പിന്റെ ശ്രമം വിജയത്തിലേക്ക്. ഇന്ത്യയിലാദ്യമായി ടൂറിസം രംഗത്ത് ടിക് ടോകുമായി കൈകോര്‍ത്ത സംസ്ഥാനമായി മാറിയ കേരളത്തിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ മനോഹാരിത ടിക് ടോക് വീഡിയോകളിലൂടെ 10.50 കോടി ആളുകളാണ് കണ്ടറിഞ്ഞത്. 

പാലക്കാടിന്റെ കാഴ്ചകള്‍ക്കാണ് പ്രിയമേറെ. 3.55 കോടി കാഴ്ചക്കാരാണ് പാലക്കാടിന്റെ സൗന്ദര്യം വീഡിയോയിലൂടെ ആസ്വദിച്ചത്. വയനാട് 3.29 കോടി, മൂന്നാര്‍ 3.28 കോടി, കോവളം 29 ലക്ഷം, തേക്കടി 13 ലക്ഷം എന്നിങ്ങനെയാണ് മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വീഡിയോ കണ്ടത്.

ടിക് ടോക്കിന്റെ രാജ്യാന്തര ആപ്പായ '# ടിക് ടോക് ട്രാവലു'മായി ചേര്‍ന്നാണ് വീഡിയോ പ്രചാരണം. അതില്‍ ഇന്ത്യയുടെ മനോഹര കാഴ്ചകളുമായി '# യേ മേരാ ഇന്ത്യ' എന്ന കാമ്പയിനുണ്ട്. ഇതിലുള്‍പ്പെടുത്തിയാണ് രാജ്യത്താദ്യമായി ഒരു സംസ്ഥാനം സ്വന്തം ടൂറിസം കേന്ദ്രങ്ങളുടെ പ്രചാരണത്തിന് തുടക്കമിടുന്നത്. സഞ്ചാരികള്‍ സന്നിവേശിപ്പിക്കുന്ന വീഡിയോകള്‍ കൂടാതെ ടൂറിസം വകുപ്പ് നല്‍കുന്ന പ്രൊമോഷന്‍ വീഡിയോകളുമുണ്ട്. യുവാക്കളായ സഞ്ചാരികള്‍ തങ്ങളുടെ സഞ്ചാര ദൃശ്യങ്ങളിലൂടെ കേരളത്തിന്റെ സൗന്ദര്യം ലോകത്തിന് സമ്മാനിക്കുന്നതില്‍ ടിക് ടോക് വീഡിയോകള്‍ വന്‍തോതില്‍ സഹായിച്ചതായാണ് വകുപ്പിന്റെ വിലയിരുത്തല്‍.

കര്‍ണാടകയില്‍ കേരളത്തിന്റെ ഫെയ്സ്ബുക്ക് പേജിന് ജന പ്രീതിയേറിയത് അവിടെ നിന്നുള്ള സഞ്ചാരികളുടെ സന്ദര്‍ശനത്തിനിടയാക്കുമെന്ന പ്രതീക്ഷയും വകുപ്പിനുണ്ട്. കന്നഡ പേജില്‍ ഏറ്റവും പ്രീതി നേടിയത് മൂന്നാറിനെ കുറിച്ചുള്ള പോസ്റ്റാണ്. 44,000 ലൈക്കുകള്‍ ഇതിനു കിട്ടി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 14,000 ലൈക്ക്സാണ് കിട്ടിയത്. അത്ര തന്നെ വര്‍ക്കലയ്ക്കും ലഭിച്ചു.

കേരള ടൂറിസത്തിന്റെ പ്രചാരണത്തിനായി വിവിധ ഭാഷകളില്‍ ഫെയ്സ്ബുക്ക് പേജ് ഇതിനകം നല്‍കിക്കഴിഞ്ഞു. കന്നഡ കൂടാതെ തമിഴ്, തെലു​ഗു, ഗുജറാത്തി, മറാത്തി, ഹിന്ദി, ബംഗാളി ഭാഷകളിലെല്ലാം ഫെയ്സ്ബുക്കിലൂടെ കേരളത്തെ അറിയിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com