ആമസോണില്‍ തൊഴിലാളി സമരം; പ്രൈം ഡേ ഷോപ്പിങ്ങിനെ ബാധിച്ചു

വില്‍പ്പന ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുളള പ്രൈം ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുന്നതിനിടയിലാണ് തൊഴിലാളികളുടെ സമ്മര്‍ദതന്ത്രം
ആമസോണില്‍ തൊഴിലാളി സമരം; പ്രൈം ഡേ ഷോപ്പിങ്ങിനെ ബാധിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ആമസോണില്‍ തൊഴിലാളികള്‍ സമരത്തില്‍. തൊഴിലന്തരീക്ഷം മെച്ചപ്പെടണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അമേരിക്കയില്‍ തൊഴിലാളികള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വില്‍പ്പന ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുളള പ്രൈം ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുന്നതിനിടയിലാണ് തൊഴിലാളികളുടെ സമ്മര്‍ദതന്ത്രം.

'ഞങ്ങള്‍ മനുഷ്യരാണ് റോബോട്ടുകളല്ല' എന്ന ബാനറേന്തിയാണ് തൊഴിലാളികള്‍ തിങ്കളാഴ്ച സമരത്തിന് ഇറങ്ങിയത്. സമരത്തിന്റെ ഭാഗമായി ചുരുക്കം ചില ട്രക്കുകള്‍ തടയുകയും ഉപരോധം സംഘടിപ്പിക്കുകയും ചെയ്തു. 

തൊഴിലാളികളുടെ അഭിവൃദ്ധിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അധികൃതരെ ബോധ്യപ്പെടുത്തുകയാണ് സമരത്തിന്റെ ലക്ഷ്യമെന്ന് തൊഴിലാളികള്‍ പറയുന്നു. കമ്പനിയെ സംബന്ധിച്ച് പ്രൈം ഷോപ്പിങ് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് അറിയാം. അതുകൊണ്ടാണ് ഈ സന്ദര്‍ഭം തന്നെ സമരത്തിന് തെരഞ്ഞെടുത്തതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

തൊഴില്‍ സുരക്ഷ, തൊഴിലിടത്തില്‍ തുല്യഅവസരം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ കമ്പനിയുടെ വെയര്‍ഹൗസുകളില്‍ സമരം ചെയ്യുന്നത്. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന കമല ഹാരിസ് ഉള്‍പ്പെടെയുളള നേതാക്കള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയ്ക്ക പുറമേ കമ്പനിയുടെ ജര്‍മ്മനിയിലെ ഏഴിടത്തും ജീവനക്കാര്‍ സമരത്തിലാണ്. അതേസമയം ജീവനക്കാര്‍ക്ക് കൂലിയും മറ്റു ആനുകൂല്യങ്ങളും ഏറ്റവുമധികം നല്‍കുന്ന സ്ഥാപനമാണ് തങ്ങളുടേത് എന്ന നിലപാടാണ് ആമസോണിന്റേത്.

500 കോടി ഡോളറിന്റെ വില്‍പ്പനയാണ് പ്രൈം ഡേ വില്‍പ്പനയില്‍ കമ്പനി പ്രതീക്ഷിക്കുന്നത്. 2018ല്‍ 320 കോടി ഡോളറിന്റെ ബിസിനസാണ് കമ്പനിക്ക് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com