ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി രണ്ടാഴ്ച മാത്രം ; വൈകിയാൽ വൻതുക പിഴ

ജൂലായ് 31-വരെയാണ് നികുതി റിട്ടേൺ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ശമ്പളക്കാരും പെൻഷൻകാരുമുൾപ്പെടെ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി രണ്ടാഴ്ചകൂടി മാത്രം സമയം. ജൂലായ് 31-വരെയാണ് നികുതി റിട്ടേൺ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. അതേസമയം, തീയതി നീട്ടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.  

ഇത്തവണ ഫോറം 16 ഉൾപ്പെടെ നികുതി റിട്ടേണിനായി രേഖകൾ കൈമാറാൻ തൊഴിലുടമയ്ക്ക് ജൂൺ 15-ൽ നിന്ന് ജൂലായ് പത്തുവരെ സമയം നീട്ടി നൽകിയിരുന്നു. ഇതനുസരിച്ച് നികുതിദായകർക്കും കൂടുതൽ സമയം ലഭിക്കേണ്ടതുണ്ടെന്നാണ് കാരണമായി പറയുന്നത്. നിലവിലെ സമയക്രമമനുസരിച്ച് ജൂലായ് പത്തിന് രേഖകൾ ലഭിച്ചാൽ 20 ദിവസം മാത്രമാണ് റിട്ടേൺ സമർപ്പിക്കുന്നതിനായി ലഭിക്കുക.

ഇത്തവണ ഇ-റിട്ടേൺ സമർപ്പിക്കാനായി ലോഗിൻ ചെയ്യുമ്പോൾ വിവരങ്ങൾ മുൻകൂട്ടി അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഇത് കൃത്യമായി പരിശോധിക്കണം. വിട്ടുപോയവ ചേർക്കണമെന്ന് നികുതിവകുപ്പ് നിഷ്‌കർഷിക്കുന്നു. മാത്രമല്ല, ചിലപ്പോൾ നികുതി കിഴിവിനുള്ള പലതും ഇതിൽ ഉൾപ്പെടുത്താതെ വിട്ടുപോയിട്ടുമുണ്ടാകാം. 

സമയം കഴിഞ്ഞാൽ നിർദിഷ്ട സമയം കഴിഞ്ഞാലും നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് തടസ്സമില്ല. ‘വൈകി സമർപ്പിക്കുന്നു’ എന്നു രേഖപ്പെടുത്തി 2020 മാർച്ച് 31 വരെ റിട്ടേൺ നൽകാൻ അവസരമുണ്ട്. എന്നാൽ, അതുവരെ നികുതിക്ക് പലിശയും റിട്ടേൺ സമർപ്പിക്കാൻ വൈകിയതിന് പിഴയും നൽകണം. ഡിസംബർ 31-നുമുമ്പാണ് റിട്ടേൺ നൽകുന്നതെങ്കിൽ 5000 രൂപയാണ് പിഴ. 

അതിനുശേഷം മാർച്ച് 31 വരെയുള്ളതിന് 10,000 രൂപയും. അഞ്ചു ലക്ഷത്തിൽ താഴെയാണ് ആകെ വരുമാനമെങ്കിൽ പിഴ ആയിരം രൂപയിൽ കൂടില്ല. നികുതി അധികമായി അടയ്ക്കാനില്ലെങ്കിലും പിഴയും പലിശയും ഈടാക്കും. റിട്ടേൺ ലഭിക്കാനുണ്ടെങ്കിൽ അതിന് നികുതിവകുപ്പുനൽകുന്ന പലിശ ലഭിക്കുകയുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com