ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി

നേരത്തെ ജൂലൈ 31 വരെയായിരുന്നു നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി

ന്യൂഡല്‍ഹി; ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് 31 വരെയാണ് സമയം നീട്ടിയത്. കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് സമയം നീട്ടിയത്. ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള രേഖകള്‍ കൈമാറാന്‍ തൊഴിലുടമയ്ക്ക് ജൂണ്‍ 15ല്‍ നിന്ന് ജൂലൈ 10 വരെ സമയം അനുവദിച്ചിരുന്നു. ഇതോടെ നികുതി അടയ്‌ക്കേണ്ടവര്‍ക്കും കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നേരത്തെ ജൂലൈ 31 വരെയായിരുന്നു നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി.

ഇത്തവണ ഇ-റിട്ടേണ്‍ സമര്‍പ്പിക്കാനായി ലോഗിന്‍ ചെയ്യുമ്പോള്‍ വിവരങ്ങള്‍ മുന്‍കൂട്ടി അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഇത് കൃത്യമായി പരിശോധിക്കണം. വിട്ടുപോയവ ചേര്‍ക്കണമെന്ന് നികുതിവകുപ്പ് നിഷ്‌കര്‍ഷിക്കുന്നു. മാത്രമല്ല, ചിലപ്പോള്‍ നികുതി കിഴിവിനുള്ള പലതും ഇതില്‍ ഉള്‍പ്പെടുത്താതെ വിട്ടുപോയിട്ടുമുണ്ടാകാം. 

സമയം കഴിഞ്ഞാല്‍ നിര്‍ദിഷ്ട സമയം കഴിഞ്ഞാലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് തടസ്സമില്ല. 'വൈകി സമര്‍പ്പിക്കുന്നു' എന്നു രേഖപ്പെടുത്തി 2020 മാര്‍ച്ച് 31 വരെ റിട്ടേണ്‍ നല്‍കാന്‍ അവസരമുണ്ട്. എന്നാല്‍, അതുവരെ നികുതിക്ക് പലിശയും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയതിന് പിഴയും നല്‍കണം. ഡിസംബര്‍ 31നുമുമ്പാണ് റിട്ടേണ്‍ നല്‍കുന്നതെങ്കില്‍ 5000 രൂപയാണ് പിഴ. 

അതിനുശേഷം മാര്‍ച്ച് 31 വരെയുള്ളതിന് 10,000 രൂപയും. അഞ്ചു ലക്ഷത്തില്‍ താഴെയാണ് ആകെ വരുമാനമെങ്കില്‍ പിഴ ആയിരം രൂപയില്‍ കൂടില്ല. നികുതി അധികമായി അടയ്ക്കാനില്ലെങ്കിലും പിഴയും പലിശയും ഈടാക്കും. റിട്ടേണ്‍ ലഭിക്കാനുണ്ടെങ്കില്‍ അതിന് നികുതിവകുപ്പുനല്‍കുന്ന പലിശ ലഭിക്കുകയുമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com