രാജ്യത്ത് ഇനി ഇലക്ട്രിക് വാഹനങ്ങള്‍ മതി!; ജിഎസ്ടി നിരക്ക് കുത്തനെ കുറച്ചു, നിരക്കുകള്‍ ഇങ്ങനെ 

ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. 12 ശതമാനത്തില്‍ നിന്ന് അഞ്ചുശതമാനമായാണ് കുറച്ചത്. 

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് കുറച്ചത്. പരിസ്ഥിതി സൗഹൃദനയത്തിന്റെ ഭാഗമായാണ് നടപടി. ഇതിന് പുറമേ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജറുകളുടെ നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. 18 ശതമാനത്തില്‍ നിന്ന് അഞ്ചുശതമാനമായാണ് കുറച്ചത്. ഇലക്ട്രിക് ബസുകള്‍ വാടകയ്ക്ക് എടുക്കുന്ന പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇളവുണ്ട്. ഇവയെ ജിഎസ്ടി നിരക്കില്‍ നിന്നും ഒഴിവാക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെട്രോള്‍ ഡീസല്‍ കാറുകളുടെ വാഹനരജിസ്‌ട്രേഷന്‍ നിരക്ക് കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാന്‍ കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ജിഎസ്ടി നിരക്കും കുറച്ചത്.

പുതിയ പെട്രോള്‍,ഡീസല്‍ കാറുകള്‍ക്ക് രജിസ്‌ട്രേഷന്‍ ചാര്‍ജായി 5000 രൂപ ഈടാക്കാനാണ് നീക്കം. രജിസട്രേഷന്‍ പുതുക്കാന്‍ 10000 രൂപയും നല്‍കേണ്ടി വരും. നിലവില്‍ ഇതിന് രണ്ടിനും 600 രൂപ മാത്രമാണ് ചാര്‍ജ് ഈടാക്കുന്നത്. പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം.

ഇരുചക്ര വാഹനങ്ങള്‍ക്ക് നേരത്തെ 50 രൂപയുണ്ടായിരുന്ന രജിസ്‌ട്രേഷന്‍ ചാര്‍ജ് പുതിയ വാഹനങ്ങള്‍ക്ക് 1000 രൂപയാക്കണം. പഴയത് പുതുക്കാന്‍ 2000 രൂപ ഈടാക്കണമെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു.ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഗതാഗത മന്ത്രാലയത്തിന്റെ പുതിയ നീക്കം. കാലപ്പഴക്കമുള്ള ഇന്ധനവാഹനങ്ങള്‍ നിരത്തില്‍നിന്ന് ഒഴിവാക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. 

കാര്‍, ഇരുചക്ര വാഹനങ്ങള്‍ക്ക് പുറമേ മറ്റു വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജും ഉയര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. പുതിയ കാബുകള്‍ക്ക് 10000 രൂപയും പുതുക്കാന്‍ 20000 രൂപയും ഈടാക്കും. നേരത്തെ ഇത് 1000 രൂപയായിരുന്നു. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജ് 5000 രൂപയില്‍ നിന്ന് 40,000 ആക്കി ഉയര്‍ത്താനാണ് നീക്കം.ഇറക്കുമതി ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് 20000 രൂപയും അടയ്‌ക്കേണ്ടി വരും, നിലവില്‍ ഇത് 2500 രൂപയാണ്. കരട് വിജ്ഞാപനത്തിലെ പ്രതികരണം അറിഞ്ഞ ശേഷം അടുത്ത 40-45 ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ ഫീസ് ഘടന രൂപപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com