വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക് ; തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം തുക വർധന ഈ മാസം 16 മുതൽ ; വർധനവ് 21 ശതമാനം വരെ

1000 സിസിയില്‍ കുറവുള്ള കാറുകള്‍ക്ക് 2,072 രൂപയാണ് പുതുക്കിയ നിരക്ക്
വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക് ; തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം തുക വർധന ഈ മാസം 16 മുതൽ ; വർധനവ് 21 ശതമാനം വരെ

ന്യൂഡല്‍ഹി: വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം തുക വർധന ഈ മാസം 16 മുതൽ പ്രാബല്യത്തിലാകും. കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പ്രീമിയം 21 ശതമാനം വരെ കൂടും. ഇതുസംബന്ധിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അന്‍ഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി (ഐ.ആര്‍.ഡി.ഐ.) ഉത്തരവ് പുറപ്പെടുവിച്ചു. 

1000 സിസിയില്‍ കുറവുള്ള കാറുകള്‍ക്ക് 2,072 രൂപയാണ് പുതുക്കിയ നിരക്ക്. നിലവില്‍ 1850 രൂപയാണ്. വര്‍ധന 12 ശതമാനം. 1000 മുതല്‍ 1500 വരെ സി.സി.യുള്ളവയ്ക്ക് 3,221 രൂപയാണ് പുതുക്കിയ പ്രീമിയം. 12.5 ശതമാനം വര്‍ധന. 1500 സി.സി.ക്ക് മുകളിലുള്ള പ്രീമിയം കാറുകളുടെ നിരക്ക് കൂട്ടിയിട്ടില്ല; ഇത് 7890 രൂപയായി തുടരും.

75 സി.സി.യില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങളുടെ പ്രീമിയം 12.88 ശതമാനംകൂടി 482 രൂപയാകും. 75 മുതല്‍ 150 വരെ സി.സി.യുള്ളവയ്ക്ക് 752 രൂപയാണ് പ്രീമിയം. 150 മുതല്‍ 350വരെ സി.സി.യുള്ള ഇരുചക്രവാഹനങ്ങളുടെ പ്രീമിയമാണ് ഏറ്റവും കൂടിയത്. നിലവിലുള്ള 985 രൂപയില്‍ നിന്ന് 21.11 ശതമാനം വര്‍ധിച്ച് 1,193 രൂപയായി.

 സ്‌കൂള്‍ബസിന്റെയും പൊതു-സ്വകാര്യ ചരക്കുവാഹനങ്ങളുടെയും തേഡ് പാര്‍ട്ടി പ്രീമിയത്തിലും വര്‍ധനയുണ്ട്. പുതിയ കാറുകള്‍ വാങ്ങുമ്പോള്‍ മൂന്നുവര്‍ഷത്തേക്കുള്ള തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഒരുമിച്ചടയ്ക്കണം. ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്കുള്ള പ്രീമിയമാണ് ഒരുമിച്ചടയ്‌ക്കേണ്ടത്. ഇ-റിക്ഷകളുടെ പ്രീമിയം കൂട്ടിയിട്ടില്ല. 

സാധാരണയായി ഏപ്രിലിലാണ് ഇന്‍ഷുറന്‍സ് നിരക്കുകളില്‍ മാറ്റം വരുത്തുക പതിവ്. എന്നാല്‍, ഇത്തവണ തെരഞ്ഞെടുപ്പ് കാലമായതിനാലാണ് ഇൻഷുറൻ പ്രീമിയം വർധനയുടെ കാര്യത്തിൽ നടപടി വൈകിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com