മുസ്ലീങ്ങള്‍ക്കായി ഇനി 'ഹലാല്‍ ബ്രൗസറും'; മൂല്യങ്ങളില്‍ വീട്ടുവീഴ്ചയില്ലാത്ത ബ്രൗസിങ് ലക്ഷ്യമെന്ന് കമ്പനി 

സലാം വെബ് എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രൗസര്‍ ഉപയോഗിക്കുന്ന ഇസ്ലാമിക വിശ്വാസികള്‍ക്ക് നിസ്‌കാര സമയം കൃത്യമായി പറഞ്ഞു കൊടുക്കും എന്നതാണ് മറ്റൊരു പ്രത്യേകത
മുസ്ലീങ്ങള്‍ക്കായി ഇനി 'ഹലാല്‍ ബ്രൗസറും'; മൂല്യങ്ങളില്‍ വീട്ടുവീഴ്ചയില്ലാത്ത ബ്രൗസിങ് ലക്ഷ്യമെന്ന് കമ്പനി 

ക്വലാലംപൂര്‍: ഇസ്ലാമിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ വെബ് ബ്രൗസര്‍ വികസിപ്പിച്ചെടുത്തതായി മലേഷ്യന്‍ ടെക്ക് കമ്പനിയുടെ അവകാശവാദം. ശരിയത്ത് നിയമങ്ങള്‍ പാലിക്കുന്ന ഇസ്ലാമിക വിശ്വാസികള്‍ക്ക് ധാര്‍മ്മിക മൂല്യങ്ങളില്‍ വീട്ടുവീഴ്ച വരുത്താതെ തന്നെ സുരക്ഷിതമായ ഓണ്‍ലൈന്‍ അനുഭവം ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനമെന്ന് കമ്പനി അവകാശപ്പെടുന്നു.

180 കോടി ഇസ്ലാമിക വിശ്വാസികളെ ലക്ഷ്യമിട്ടാണ് പുതിയ വെബ് ബ്രൗസറിന് മലേഷ്യന്‍ ടെക്‌നോളജി കമ്പനിയായ സലാം വെബ് ടെക്‌നോളജീസ് രൂപം നല്‍കിയിരിക്കുന്നത്. സലാം വെബ് എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രൗസര്‍ ഉപയോഗിക്കുന്ന ഇസ്ലാമിക വിശ്വാസികള്‍ക്ക് നിസ്‌കാര സമയം കൃത്യമായി പറഞ്ഞു കൊടുക്കും എന്നതാണ് മറ്റൊരു പ്രത്യേകത.പ്രാദേശിക സമയം കണക്കാക്കി നിസ്‌കാരം സമയം സംബന്ധിച്ചുളള മുന്നറിയിപ്പ് നല്‍കുന്ന തരത്തിലാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിസ്‌കരിക്കേണ്ട സ്ഥലം സംബന്ധിച്ചുളള കൃത്യമായ നിര്‍ദേശം നല്‍കാനും ഇതില്‍ സൗകര്യമുണ്ട്. വടക്കുനോക്കിയന്ത്രത്തിന്റെ സഹായത്തോടെയയാണ് വിശ്വാസികള്‍ക്ക് നിസ്‌കരിക്കേണ്ട സ്ഥലം നിശ്ചയിച്ചുനല്‍കുക. 

വിവിധ ഭാഷകളില്‍ സേവനം നല്‍കുന്ന ഈ ബ്രൗസര്‍ ഉപയോഗിച്ച് മറ്റു ആപ്ലിക്കേഷനുകള്‍ തുറക്കാനും സാധിക്കും. ശരിയത്ത് നിയമമനുസരിച്ച് ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ക്വലാലപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വലിയ സാധ്യതയാണ് ഇതില്‍ കാണുന്നത്. ലോക ജനസംഖ്യയുടെ 24 ശതമാനം വരുന്ന മുസ്ലീം ജനവിഭാഗത്തിന്റെ പിന്തുണ ആര്‍ജിക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ശരിയത്ത് നിയമം പാലിച്ച് യഥാവിധിയുളള സെര്‍ച്ച് ഓപ്ഷനുകളാണ് ഉപഭോക്താവ് തെരഞ്ഞെടുക്കുന്നത് എന്ന് ഉറപ്പുവരുത്താനുളള സംവിധാനവും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. ഉചിതമല്ലാത്ത വെബ്‌സൈറ്റുകളിലേക്കാണ് ഉപഭോക്താവ് പോകുന്നതെങ്കില്‍ മുന്നറിയിപ്പ് നല്‍കാനുളള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അനാവശ്യമായ വെബ്‌സൈറ്റുകളിലേക്ക് ഉപഭോക്താവ് നീങ്ങിയാല്‍ റെഡ് അലര്‍ട്ട് നല്‍കുന്ന രീതിയിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com