'ചേട്ടനും ഭാര്യയും കഷ്ടകാലത്ത് കൂടെ നിന്നു'; മുകേഷ് അംബാനിയ്ക്ക് നന്ദി പറഞ്ഞ് അനില്‍ അംബാനി

വാര്‍ത്താ കുറിപ്പിലൂടെയാണ് ഇത്രയും വലിയ തുക ലഭിച്ച ഉറവിടത്തെക്കുറിച്ച് അനില്‍ അംബാനി വെളിപ്പെടുത്തിയത്
'ചേട്ടനും ഭാര്യയും കഷ്ടകാലത്ത് കൂടെ നിന്നു'; മുകേഷ് അംബാനിയ്ക്ക് നന്ദി പറഞ്ഞ് അനില്‍ അംബാനി

ന്യൂഡല്‍ഹി; മൂന്ന് മാസത്തെ ജയില്‍ ശിക്ഷയില്‍ നിന്ന് തലനാരിഴയ്ക്കാണ് വ്യവസായി അനില്‍ അംബാനി രക്ഷപ്പെട്ടത്. ടെലികോം കമ്പനിയായ എറിക്‌സണ് 458 കോടി രൂപ നല്‍കിയതോടെയാണ് വ്യവസായ പ്രമുഖന്‍ കേസില്‍ നിന്ന് ഊരിയത്. അവശ്യ സമയത്ത് സഹായിച്ച സഹോദരന്‍ മുകേഷ് അംബാനിക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അനില്‍ അംബാനി. 

'മോശം അവസ്ഥയില്‍ കൂടെനിന്നതിന് തന്റെ സഹോദരനും മുകേഷിനോടും നിതയോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. എങ്ങനെയാണ് ഞങ്ങളുടെ ദൃഢമായ കുടുംബ മൂല്യങ്ങള്‍ സമയോചിതമായ പിന്തുണയിലൂടെ പ്രകടിപ്പിക്കേണ്ടത് എന്ന് അവര്‍കാണിച്ചുതന്നു. ഞാനും എന്റെ കുടുംബവും എന്നും ഇതിന് കടപ്പെട്ടിരിക്കും. നിങ്ങള്‍ ഇപ്പോള്‍ ഞങ്ങള്‍ക്കായി ചെയ്തത് മനസില്‍ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു.'  അനില്‍ അംബാനിക്ക് വേണ്ടി കമ്പനി വക്താവ് തയാറാക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 

ഈ മാസം 19ാം തിയതിക്ക് മുന്‍പ് പണമടക്കണമെന്നാണ് സുപ്രീംകോടതി അനില്‍ അംബാനിയോട് പറഞ്ഞിരുന്നത്. തന്റെ കൈയില്‍ ഇത്ര അധികം പണം ഇല്ലെന്നായിരുന്നു റിലയന്‍സ് ഉടമ പറഞ്ഞിരുന്നത്. കാലാവധി തീരുന്നതിന് തൊട്ടുമുന്‍പായാണ് പണം അടച്ചത്. മുകേഷ് അംബാനിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പിലൂടെ പണത്തിന്റെ ഉറവിടം വ്യക്തമായിരിക്കുകയാണ്. 

റിലയന്‍സ് കമ്യൂണിക്കേഷന്റെ ശൃഖലകള്‍ നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും എറിക്‌സണെ ചുമതലപ്പെടുത്തി 2014ല്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഏഴ് വര്‍ഷത്തേക്കായിരുന്നു കരാര്‍. കരാര്‍ പ്രകാരം നല്‍കാനുണ്ടായിരുന്ന 576 കോടി രൂപയോളം അനില്‍ അംബാനി മുടക്കം വരുത്തിയതോടെയാണ് എറിക്‌സണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. പണം അടയ്ച്ചില്ലെങ്കില്‍  മൂന്ന് മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നായിരുന്നു വിധി. 118 കോടി രൂപ റിലയന്‍സ് കമ്യൂണിക്കേഷന്‍ ഇതിനോടകം നല്‍കിയിരുന്നു. ബാക്കി തുകയായ 458കോടിയോളം നല്‍കിയാണ് ഇപ്പോള്‍ ശിക്ഷ ഒഴിവാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com