കാണുന്നതെല്ലാം ലൈവാക്കേണ്ട ; ലൈവ് സ്ട്രീമിങിന് ഫേസ്ബുക്കിന്റെ നിയന്ത്രണം

എന്തെല്ലാമാണ് 'സുപ്രധാന നയങ്ങള്‍ ' എന്ന് ഫേസ്ബുക്ക് വിശദമാക്കിയിട്ടില്ല
കാണുന്നതെല്ലാം ലൈവാക്കേണ്ട ; ലൈവ് സ്ട്രീമിങിന് ഫേസ്ബുക്കിന്റെ നിയന്ത്രണം

കലിഫോര്‍ണിയ: ലൈവ് സ്ട്രീമിങിന് കടുത്ത നിയന്ത്രണങ്ങള്‍ ഫേസ്ബുക്ക് ഏര്‍പ്പെടുത്തുന്നു. ക്രൈസ്റ്റ്ചര്‍ച്ചിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ലൈവ് സ്ട്രീമിങില്‍ നിയന്ത്രണം കൊണ്ടുവരുന്നത്.  ഫേസ്ബുക്കിന്റെ സുപ്രധാന പോളിസികള്‍ ലംഘിച്ചവരെയാണ് ലൈവ് സ്ട്രീമിങില്‍ നിന്ന് വിലക്കിയത്.

കമ്യൂണിറ്റി സ്റ്റാന്‍ഡാര്‍ഡിനെതിരായ ഉള്ളടക്കങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ബ്ലോഗ് പോസ്റ്റില്‍ കമ്പനി വ്യക്തമാക്കി. അതേസമയം എന്തെല്ലാമാണ് 'സുപ്രധാന നയങ്ങള്‍ ' എന്ന് ഫേസ്ബുക്ക് വിശദമാക്കിയിട്ടില്ല. ഇത്  വരും ദിവസങ്ങളില്‍ വ്യക്തമാക്കുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. 

മാര്‍ച്ച് 15 ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ നടത്തിയ ഭീകരാക്രമണം അക്രമി ഫേസ്ബുക്ക് വഴി ലൈവ് സ്ട്രീമിങ് നടത്തിയിരുന്നു. പബ്ജി ഗെയിമാണെന്ന് ആളുകള്‍ ആദ്യം തെറ്റിദ്ധരിക്കുകയും ചെയ്തു. ഇത് വലിയ വിമര്‍ശനമുണ്ടാക്കിയതിനെ തുടര്‍ന്ന് വിഡിയോകള്‍ ഫേസ്ബുക്കും യൂട്യൂബും ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ നീക്കം ചെയ്തിരുന്നു.

51 പേരാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളികളില്‍ ഉണ്ടായ ആക്രമണത്തില്‍ അന്ന് കൊല്ലപ്പെട്ടത്. ഭീകരവാദവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള സ്ഥലമല്ല ഫേസ്ബുക്കെന്നും വെറുപ്പിന്റെയും അക്രമത്തിന്റെയും  രാഷ്ട്രീയം ഫേസ്ബുക്കില്‍ അനുവദിക്കില്ലെന്നുമാണ് കമ്പനിയുടെ നിലപാടെന്നും ബ്ലോഗ് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com