സുരക്ഷാ ഭീഷണി: ഹുവായിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക; ചൈനയുമായുളള വ്യാപാരയുദ്ധം മുറുകുന്നു

സുരക്ഷാഭീഷണി ചൂണ്ടിക്കാണിച്ച് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണരംഗത്തെ പ്രമുഖ ചൈനീസ് കമ്പനിയായ ഹുവായിയെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി
സുരക്ഷാ ഭീഷണി: ഹുവായിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക; ചൈനയുമായുളള വ്യാപാരയുദ്ധം മുറുകുന്നു

ന്യൂയോര്‍ക്ക്: സുരക്ഷാഭീഷണി ചൂണ്ടിക്കാണിച്ച് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണരംഗത്തെ പ്രമുഖ ചൈനീസ് കമ്പനിയായ ഹുവായിയെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ദേശീയ സുരക്ഷയ്ക്കും വിദേശനയതാത്പര്യങ്ങള്‍ക്കും വിരുദ്ധമായി കമ്പനി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അമേരിക്കയുടെ നടപടി. അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാരയുദ്ധം തുടരുന്നതിനിടെയാണ് ഹുവായിയെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന വിദേശകമ്പനികളുടെ ഉല്‍പ്പനങ്ങള്‍ ഉപയോഗിക്കുന്ന അമേരിക്കന്‍ കമ്പനികളെ നിരോധിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന്റെ ചുവടുപിടിച്ചാണ് കടുത്ത നടപടി.

ദേശീയ സുരക്ഷയ്ക്കും വിദേശനയ താത്പര്യങ്ങള്‍ക്കും വിരുദ്ധമായി ഹുവായി പ്രവര്‍ത്തിച്ചുവെന്ന് അമേരിക്കന്‍ വാണിജ്യവകുപ്പ് ആരോപിച്ചു. കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ക്കോ, വ്യക്തികള്‍ക്കോ അമേരിക്കന്‍ സാങ്കേതിക വിദ്യ കൈമാറുകയോ വില്‍ക്കുകയോ ചെയ്യണമെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി. ഇത്തരത്തിലുളള സാങ്കേതിക വിദ്യ കൈമാറ്റമോ, വില്‍പ്പനയോ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും വാണിജ്യവകുപ്പ്് മുന്നറിയിപ്പ് നല്‍കി.

വിദേശ കമ്പനികളില്‍ നിന്നുളള ഉല്‍പ്പനങ്ങള്‍ അമേരിക്കന്‍ സാങ്കേതികവിദ്യയെ ബാധിക്കാതിരിക്കാനാണ് നടപടി സ്വീകരിച്ചതെന്ന് വാണിജ്യസെക്രട്ടറി വില്‍ബര്‍ റോസ് പറഞ്ഞു. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ വിദേശ കമ്പനികളില്‍ നിന്നും ഉല്‍പ്പനങ്ങള്‍ ഏറ്റെടുക്കുന്നത് അമേരിക്കയുടെ വിവര സാങ്കേതികവിദ്യ രംഗത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.  ഇത് ദേശീയ സുരക്ഷയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന്് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com