യാത്രക്കാരില്ല, കനത്ത സാമ്പത്തിക നഷ്ടം ;  മുംബൈ- ന്യൂയോര്‍ക്ക് സര്‍വീസ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു

മുംബൈയില്‍ നിന്നും  ന്യൂആര്‍ക്കിലേക്കുള്ള ഫ്‌ളൈറ്റുകള്‍ പതിവ് പോലെ തുടരും.
യാത്രക്കാരില്ല, കനത്ത സാമ്പത്തിക നഷ്ടം ;  മുംബൈ- ന്യൂയോര്‍ക്ക് സര്‍വീസ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു

മുംബൈ:  മുംബൈയില്‍ നിന്നും ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടിലേക്ക് നടത്തി വന്നിരുന്ന ഫ്‌ളൈറ്റ് സര്‍വീസ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു. 2018 ഡിസംബറില്‍ ആരംഭിച്ച ഈ ഫ്‌ളൈറ്റ് യാത്രക്കാരില്ലാത്തതിനെ തുടര്‍ന്നാണ് അവസാനിപ്പിക്കാന്‍ തീരുമാനം എടുത്തത്.

ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഇവിടെ നിന്നും ന്യൂയോര്‍ക്കിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയിരുന്നത്. യാത്രക്കാരില്ലാതിരുന്നതിനെ തുടര്‍ന്ന് ഈ റൂട്ട് വലിയ നഷ്ടമാണ് എയര്‍ ഇന്ത്യയ്ക്ക് ഉണ്ടാക്കിയത്. പാകിസ്ഥാനുമായുള്ള ബന്ധം വഷളായതിന് പിന്നാലെ സര്‍വീസ് നിര്‍ത്തി വച്ചിരുന്നുവെങ്കിലും ഇത് ജൂണില്‍ പുനഃരാരംഭിക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കനത്ത നഷ്ടം സഹിച്ച് ഈ സര്‍വീസ് തുടരേണ്ടെന്ന ബോര്‍ഡ് തീരുമാനം എയര്‍ ഇന്ത്യാ വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നും ന്യൂആര്‍ക്കിലേക്കുള്ള ഫ്‌ളൈറ്റുകള്‍ പതിവ് പോലെ തുടരും.

ഡല്‍ഹിയില്‍ നിന്നും യുഎസിലേക്കുള്ള ഫ്‌ളൈറ്റുകളില്‍ സാധാരണയായി 80 ശതമാനം യാത്രക്കാര്‍ ഉണ്ടാവാറുണ്ട്. ന്യൂആര്‍ക്കിന് പുറമേ വാഷിങ്ടണ്‍, ഷിക്കാഗോ, സന്‍ഫ്രാന്‍സ്‌സിസ്‌കോ , ന്യൂയോര്‍ക്ക് -ഡല്‍ഹി എന്നിങ്ങനെയാണ് യുഎസിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യയുടെ മറ്റ് ഫ്‌ളൈറ്റുകള്‍.

2010ല്‍ അവസാനിപ്പിച്ച മുംബൈ- ഫ്രാങ്ക്ഫര്‍ട്ട് ഫ്‌ളൈറ്റ് വരുന്ന ഒക്ടോബറില്‍ വീണ്ടും സര്‍വീസ് ആരംഭിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com